തൃശൂര്‍: പ്രവാസിയായ ഭാര്യയുടെ പണത്തിൽ അടിച്ചുപൊളി ജീവിതം,തിരികെ നല്കാൻ ബാങ്ക് കവർച്ചയിലേക്ക് എത്തിച്ചതായി സമ്മതിച്ചു ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്ക് ശാഖ കവർച്ച ചെയ്ത ചാലക്കുടി ആശാരിക്കാട് സ്വദേശി ജിജോ ആന്റണി
വിദേശത്തുള്ള ഭാര്യയുടെ അക്കൗണ്ടില്നിന്നുമെടുത്ത പണം തിരിച്ചു വെക്കുന്നതിനാണ് ഇയാള്‍ കവര്‍ച്ച നടത്തിയതെന്ന് പറയുന്നു. ആര്‍ഭാട ജീവിതം നയിക്കുന്ന ഇയാള്‍ ഭാര്യയുടെ പത്തു ലക്ഷത്തോളം രൂപ ധൂര്‍ത്ത് അടിച്ച് തീര്‍ത്തിരുന്നു. ഇതു തിരിച്ചേല്പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയായിരുന്നു കവര്‍ച്ചയെന്നാണ് പറയുന്നത്. ബാങ്കില്‍നിന്ന് കവര്‍ച്ച ചെയ്ത 15 ലക്ഷത്തില്‍ 10 ലക്ഷം രൂപ ഇയാളില്‍നിന്ന് പോലീസ് കണ്ടെടുത്തു.
കവര്‍ച്ച നടന്ന് 36 മണിക്കൂര്‍ പിന്നിടുമ്പോഴാണ് മോഷ്ടാവിനെ പിടികൂടിയത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണമാരംഭിച്ച പോലീസ് തൃശൂര്‍, എറണാകുളം ജില്ലകളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയിരുന്നു.വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേകാലോടെയാണ് ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. സ്കൂട്ടറിലെത്തിയ അക്രമി ബാങ്കിനുള്ളിലേക്ക് കയറുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ജീവനക്കാരെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷമാണ് കൗണ്ടറില്‍ പ്രവേശിച്ച് പണവുമായി സ്ഥലംകാലിയാക്കിയത്. കൗണ്ടറിലെ വലിപ്പില്‍നിന്ന് പണമെടുത്ത് ബാഗില്‍ നിറക്കാനും പുറത്തേക്ക് പോകാനും ഏതാനും സെക്കന്‍ഡുകള്‍ മാത്രമാണ് വേണ്ടിവന്നത്.
സ്വന്തം സ്കൂട്ടറില്‍ നമ്പര്‍ പ്ലേറ്റ് മാറ്റി ഒരു കറി കത്തിയുമായി തനിച്ചാണ് ഇയാള്‍ കവര്‍ച്ചക്കെത്തിയത്. ആരുടെയും ചോര ചിന്താതെയാണ് പണം കവര്‍ന്നത്. രക്ഷപ്പെടാന്‍ മികച്ച ഒരായുധവും ഇയാള്‍ കരുതിയിരുന്നില്ല. കൈയില്‍ കരുതിയിരുന്ന കറിക്കത്തി കാട്ടി ഭയപ്പെടുത്തിയാണ് കവര്‍ച്ച നടത്തിയത്. ബാങ്ക് ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പിന്‍വശത്തെ മുറിയില്‍ പോകുന്ന സമയം കൃത്യമായി കണക്ക് കൂട്ടിയാണിയാള് ബാങ്കിലെത്തിയത്. രണ്ട് മുതല്‍ 2.30 വരെയാണ് ഉച്ചഭക്ഷണ സമയം. ഉച്ചഭക്ഷണ സമയത്ത് പ്യൂണ്‍ അല്ലാതെ ബാങ്കിനകത്ത് ആരുമുണ്ടാവില്ലെന്നും മോഷ്ടാവ് മനസ്സിലാക്കി തന്നെയാണ് കവർച്ചക്ക് പദ്ധതി ഇട്ടത്.
![]()
