മക്ക: ഉംറ തീർത്ഥാടകർക്കുള്ള സേവനങ്ങളിൽ വീഴ്ച വരുത്തിയാൽ കടുത്ത പിഴ നൽകേണ്ടി വരുമെന്ന മുന്നറിയിപ്പുമായി മന്ത്രാലയം. ഹജ്ജ് കർമ്മങ്ങൾ പൂർത്തിയായി ഉംറ സീസൻ തുടക്കമാകാനിരിക്കെയാണ് ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് പുറത്തു വിട്ടത്. ഇത് പ്രകാരം ഉംറ തീർത്ഥാടകരെ എത്തിക്കുന്ന ഏജൻസികൾക്ക് വീഴ്ച വരുത്തിയാൽ പിഴ ലഭിക്കും. തീർത്ഥാടകർക്ക് നൽകുന്ന താമസം, ഭക്ഷണം, പരിചരണം എന്നിവയിൽ വരുത്തുന്ന വീഴ്ചപോലും പിഴ ഒടുക്കുവാൻ കാരണമാകും.
ഉംറക്ക് അപേക്ഷ സ്വീകരിക്കുന്ന സമയത്തു ഏജൻസികൾ നൽകുന്ന വാഗ്ദാനങ്ങൾ ലഭിക്കാതിരുന്ന പക്ഷം തീർത്ഥാടകർക്ക് നേരിട്ട് മന്ത്രാലയത്തെ പരാതി അറിയിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇരു ഹറം പരിസരത്തു പ്രവർത്തിക്കുന്ന ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ കൗണ്ടറുകളിൽ തീർത്ഥാടകർക്ക് നേരിട്ട് പരാതി നൽകാം. ഈ മാസം 19 ആം തിയതി മുതലാണ് വിദേശ ഉംറ തീർത്ഥാടകർക്കുള്ള പ്രവേശനം ആരംഭിക്കുന്നത്.
![]()
