തിരുവനന്തപുരം :ഏകീകൃത സിവില്‍ കോഡിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ യു ഡി എഫ് ഏകോപന സമിതി യോഗം തീരുമാനിച്ചു.ജൂലൈ 29ന് തിരുവനന്തപുരത്ത് വച്ച് ബഹുസ്വരതാ സംഗമം സംഘടിപ്പിക്കും. വിവിധ മതമേലധ്യക്ഷന്മാരെ പങ്കെടുപ്പിക്കുന്ന പരിപാടിയിലേക്ക് സി പി ഐ എമ്മിനെ ക്ഷണിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു.
കെ പി സി സി സ്വന്തം നിലയില്‍ നടത്തുന്ന പ്രതിഷേധ പരിപാടികള്‍ക്ക് പുറമെയാണ് യു ഡി എഫി ന്റെ ബഹുസ്വരത സംഗമ പ്രതിഷേധ പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. ഏക സിവില്‍ കോഡ്, മണിപ്പൂര്‍ കലാപം എന്നീ വിഷയങ്ങള്‍ പൊതു സമൂഹത്തിലെത്തിക്കാൻ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും യു ഡി എഫ് യോഗം തീരുമാനിച്ചു.
സര്‍ക്കാരിനെതിരായ വിഷയങ്ങളിലും സമരം കടുപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. പിണറായി വിജയന് സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കു മെതിരെ റേഷന്‍ കട മുതല്‍ സെക്രട്ടേറിയറ്റ് വരെ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. സെപ്റ്റംബര്‍ നാലുമുതല്‍ പതിനൊന്ന് വരെ എല്ലാ പഞ്ചായത്ത്, മുന്‍സിപ്പല്‍ തലങ്ങളില്‍ കാല്‍നട പ്രചാരണജാഥ മുതല്‍ ക്യാമ്പെയ്നുകള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
സെപ്റ്റംബര്‍ 12ന് 1200 മണ്ഡലങ്ങളില്‍ നിന്നായി 12,000 വളണ്ടിയര്‍മാരും മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പടെ 25000 പേരെ അണിനിരത്തി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
![]()
