ചിലർ അങ്ങനെയാണ്…സ്നേഹം കൊണ്ട് ഹൃദയം കീഴടക്കിയവർ
മരണം എന്ന സത്യം നമ്മുടെ മുന്നിൽ നിന്ന് കൂടെ ചങ്കായി നിക്കണവരെ കൊണ്ടു പോകുമ്പോൾ കബറിടത്തിലെ പ്രാർത്ഥനയും കഴിഞ്ഞു പിരിഞ്ഞാലും ആ ബന്ധം മരണം വരെയും കൂടെ കൊണ്ട് നടക്കും.അങ്ങനെ ഒരു സൗഹൃദ കൂട്ടം റിയാദിൽ ഉണ്ട് ,കുറച്ചു ചങ്ക് പറിച്ചു കൊടുക്കുന്നവർ അതെ റിയാദ് ടാകിസ് പ്രവർത്തകർ.ജീവകാരുണ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായവർ.
ഈ സൗഹൃദ കൂട്ടായ്മയിലെ കണ്ണിയായിരുന്ന കായംകുളം സ്വദേശി മിറാഷ് മൻസൂർ റിയാദിൽ വെച്ചു നാഥന്റെ വിളിക്കുത്തരം നൽകി യാത്രയായി.2020 സെപ്റ്റംബർ 28 തിങ്കളാഴ്ച ദിവസമായിരുന്നു.
ഇന്നും ആ ഓർമ്മ ദിനത്തിലും അല്ലാത്തപ്പോഴൊക്കെ നസീം മക്ബറയുടെ വടക്ക് ഭാഗത്ത് 104 നിരയിൽ നമ്പർ 19 ആയി കൂട്ടുകാരന്റെ കബറിടത്തിൽ ചെന്നു അവനുമായി മനസുകൊണ്ട് മിണ്ടിയും പറഞ്ഞും അവനു ഇഷ്ടപെട്ടതൊക്കെ പറഞ്ഞു നിക്കുന്ന ഒരു കൂട്ടത്തെ കാണാം.
കൊവിഡ് മഹാമാരി താണ്ഡവമാടിയപ്പോൾ 24 മണിക്കൂർ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ
ഏർപ്പെടുത്തിയ സമയത്ത് ആർക്കും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലും ഭക്ഷണ
മേഖലയിൽ ജോലിയുള്ളത് കാരണം പുറത്തിറങ്ങാൻ പാസ്സ് ഉണ്ടായ ചുരുക്കം ചിലരിൽ ഒരാളായിരുന്നു റിയാദ് ടാക്കിസിന്റെ സ്വന്തം മിറാഷ്.ജോലിയില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ,ഭക്ഷണ സാധനങ്ങളും , അസുഖം പിടിപെട്ടവർക്ക്
മരുന്നെത്തിക്കാനും മാസങ്ങളോളം രാവെന്നോ പകലെന്നോ ഇല്ലാതെ ഓടിനടന്ന സാമൂഹിക പ്രവർത്തകന്റെ വേർപാട് ഇന്നും നൊമ്പരമായി തന്നെ റിയാദ് പൊതുസമൂഹം ഓർക്കുന്നു.

കഴിഞ്ഞ ആഴ്ച മിറാഷിന്റെ ഉമ്മ സാജിത മൻസൂർ നാട്ടിൽ നിന്ന് തന്റെ പൊന്നുമോൻ കിടക്കുന്ന കബറിടം കണ്ടു പ്രാര്ഥിക്കാനായി നാട്ടിൽ നിന്ന് വന്നപ്പോൾ ടാകിസ് പ്രവർത്തകർ എല്ലാം കൂടെ തന്നെ ഉണ്ടായിരുന്നു. ആ ഉമ്മ മകന്റെ കൂട്ടുകാരെ ഒക്കെ അടുത്ത് നിർത്തി തന്റെ മകന്റെ സാമിപ്യം അവരിലൂടെ അടുത്തറിഞ്ഞു കണ്ണുകൾ ഇടക്ക് നനഞ്ഞെങ്കിലും അവരോടൊപ്പം സന്തോഷത്തോടെ ഭക്ഷണവും കഴിച്ചു അവരോടൊപ്പം സമയം ചില്ലവഴിച്ചു ഉംറക്കായി യാത്ര തിരിച്ചു. മകന്റെ കൂട്ടുകാരെ ഓരോരുത്തരെയും പേര് ചൊല്ലി വിളിക്കുകയും അവരെ കുറിച്ചു മകൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർമയിൽ സൂക്ഷിച്ചതൊക്കെ അവരോട് പറഞ്ഞും അടുത്ത് നിർത്തി ഫോട്ടോ ഒക്കെ എടുത്തു ആ മാതാവ് മകനൊപ്പം റിയാദിൽ കുറച്ചു സമയം ചിലവഴിച്ചു. എല്ലാ വർഷവും പതിവ് തെറ്റിക്കാതെ ടാകിസ് പ്രവർത്തകർ കൂട്ടുകാരന്റെ വിട പറഞ്ഞ ദിവസം കബറിടത്തിൽ എത്തിയിരിക്കും.
മലയാളക്കരയുടെ വിവിധ ഭാഗങ്ങളിൽ ഉളളവർ കടൽ കടന്നിങ് പ്രവാസത്തിൽ താങ്ങും തണലുമെല്ലാമായി കഴിയുന്നു പ്രവാസ ഭൂമിയിൽ മാത്രം കിട്ടുന്ന ഭാഗ്യമാണ് അല്ല മഹാ ഭാഗ്യമാണ് ഇങ്ങനെയുള്ള ബന്ധങ്ങൾ അതെ ഉള്ളൂ സാധാരണ ഒരു പ്രവാസിക്കുള്ള ഏക സമ്പാദ്യവും.
![]()
