തിരുവനന്തപുരം : ഡ്രൈവിംഗ് ടെസ്റ്റ് പാസായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കുമെന്നും ഇതിനായി മോട്ടാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ടാബ് നല്‍കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ.റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് വാങ്ങിയ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്ളാഗ് ഓഫ് ചെയ്ത ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന.മോട്ടാര്‍ വാഹന വകുപ്പിലെ ആധുനികവത്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31 നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കും.ക്ലറിക്കല്‍ സ്റ്റാഫുകളുടെ ജോലിഭാരം ഏകീകരിച്ച് ജോലിതുല്യത ഉറപ്പുവരുത്താന്‍ സോഫ്റ്റ് വെയര്‍ ഉപയോഗപ്പെടുത്തും. കെഎസ്ആര്‍ടിസി ആരംഭിച്ച ഡ്രൈവിംഗ് സ്കൂളുകളിലൂടെ ആറുമാസത്തിനുളളില്‍ പതിനൊന്നര ലക്ഷം രൂപ ലാഭം നേടാനായതായും മന്ത്രി അറിയിച്ചു. അഞ്ചുദിവസത്തിനകം ഒരു ഫയലില്‍ തീരുമാനമെടുക്കാതെ കയ്യില്‍വച്ചിരിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റേണല്‍ വിജിലന്‍സ് സ്ക്വാഡിന്റെ പരിശോധനയിലൂടെ നടപടി സ്വീകരിക്കും.
വി കെ പ്രശാന്ത് എംഎല്‍എ അദ്ധ്യക്ഷനായിരുന്ന ചടങ്ങില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസി സിഎംഡി പിഎസ് പ്രമോജ് ശങ്കര്‍, സിബിസി മഹീന്ദ്ര വൈസ് പ്രസിഡന്റ് ഗോപകുമാര്‍, എംവിഡി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
![]()
