ഇന്നിന്റെ പ്രവാസത്തിന്റെ ബാക്കി പത്രമായി തന്റെ യാത്രയ്ക്കിടയിൽ വഴിയോരത്ത് കണ്ട മുൻ പ്രവാസിയെ അതെ പടി വരച്ചു കാട്ടിയ റിയാദിലെ മാധ്യമ പ്രവർത്തകൻ നൗഫൽ പാലക്കാടന്റെ ഫേസ്ബുക് വളരെ ശ്രദ്ധേയമായി.
പ്രവാസം കഴിഞ്ഞു എങ്ങനെങ്കിലും നാടണയാൻ വെമ്പൽ കൊള്ളുന്നവർക്ക് ഒരു പക്ഷെ ഒരു പിൻ വലിയെങ്കിലും ഈ കുറിപ്പിലൂടെ ഉണ്ടാവും.പ്രവാസവും പണവും പ്രതാപവും കുടുംബ ബന്ധങ്ങളെയും കരുതലുകളെയും വരെ സ്വാധീനിക്കുന്ന ഘടകങ്ങളായി മാറിപ്പോകുന്ന ഇക്കാലത്ത് പ്രവാസത്തിനു ശേഷം എങ്ങനെ എന്നത് ചോദ്യ ചിന്ഹമായി തന്നെ നിക്കുന്നു
*നൗഫൽ പാലക്കാടന്റെ ഫേസ്ബുക് കുറിപ്പ്*
പരപ്പനങ്ങാടിയിലേക്കുള്ള യാത്ര മധ്യേയാണ്, പെടുന്നനെയുണ്ടായ ട്രാഫിക് ജാമിൽ പുറം കാഴ്ചയ കണ്ടിങ്ങനെ കാർ പതുങ്ങി നീങ്ങുകയാണ്. പുറത്ത് നിന്ന് ഹിന്ദിയിലും തമിഴിലും തുടങ്ങി ബഹു ഭാഷകളിൽ കിടിലൻ ഡയലോഗുകൾ ഒഴുകുന്നുണ്ട്. ഇടക്ക് “ഹബ്ബതൈൻ കംസീൻ” രണ്ടെണ്ണം അമ്പത്. എന്നും കേട്ടു. പ്രവാസി സംരംഭമാണെന്ന് ഉറപ്പായി.
വണ്ടി നിറയെ പഴുത്ത പൈനാപ്പിള്ളുകൾ.ഒപ്പം തലയിൽ കർച്ചീഫ് വരിഞ്ഞു കെട്ടിയ വെളുത്ത കട്ടി മീശക്കാരൻ. പ്രായം അമ്പതിന് മുകളിൽ കാണും ഊർജ്വസ്വലതക്ക് ഇരുപത്തഞ്ചും.
വണ്ടി ഒതുക്കി, അദ്ദേഹത്തെ പരിജയപ്പെട്ടു നാല് പൈനാപ്പിളും വാങ്ങി. കണ്ടാലറിയാം ഒരു സ്റ്റോറിയുണ്ടെന്ന് ആ മുഖത്തുണ്ട്.
സൗദിയിൽ ആയിരുന്നല്ലേ ഞാൻ ചോദിച്ചു! അതേ, ഇങ്ങളെ ഹബ്ബത്തൈൻ കേട്ടപ്പോ തോന്നി. ഇജ്ജ് സൗദിലാ…ആ ഞാനും സൗദിക്കാരനാണ്. പിന്നെ അങ്ങട് സംസാരിച്ച് തുടങ്ങി. 29 വർഷയിട്ട് സൗദിയിലായിരുന്നു. ഒടുവിൽ കഫ്ജിക്കടുത്ത് സുഡാനി ബൂഫിയായിലായിരുന്നു ജോലി. സമയത്ത് ശമ്പളം ഭക്ഷണം എല്ലാം സുഖായിരുന്നു.
ന്നട്ട് ഞാൻ ചോദിച്ചു,
മകന് ദുബായിൽ ഒരു ജോലി ശരിയായപ്പോ അവന്റെയും വീട്ടുകാരുടെ നിർബന്ധത്തിന് അത് നിർത്തിയതാണ്. വന്നിട്ടിപ്പോ 3 കൊല്ലായി. വന്നു പോകുന്ന 3 മാസത്തെ ലീവ് പോലെ അല്ല സ്ഥിരം നിക്കുന്ന ഏർപ്പാട് എന്ന് എനിക്കും കുടുംബത്തിനും വൈകിയാണ് ബോധ്യപ്പെട്ടത്. കർച്ചീഫ് അഴിച്ചു വിയർപ്പ് തുടച്ചു. വീണ്ടും കെട്ടി.
വരുമാനം ഒന്നുമില്ല. ബാങ്കിൽ കുറച്ച് പൈസ ഉണ്ട്.അതെടുത്ത് എന്തെങ്കിലും ചെയ്യാൻ എനിക്ക് ധൈര്യവുമില്ല. മകന്റെ ചിലവിലാണ് ഇപ്പോ കുടുംബം. ഞാൻ മാസമാസം അയച്ചിരുന്നത് ഇപ്പോ ഇല്ല. അയിന്റെ അർത്ഥം ന്നെ കൊണ്ട് കുടുംബത്തിന് കാര്യമായ മെച്ചം ഒന്നും ഇല്ല. ഉപകാരമില്ലാത്ത ഒരു വസ്തുവായെന്ന് എനിക്കന്നെ സ്വയം തോന്നി തുടങ്ങി സ്നേഹം മാത്രമല്ല കിട്ടി കൊണ്ടിരുന്ന ബഹുമാനവും കുറഞ്ഞു വന്നു. അവരുടെ പോക്കിനും വരവിനും ഒക്കെ ചാരു കസേരിയിലുള്ള എന്റെ ഇരുത്തവും ചോദ്യങ്ങളും തടസ്സാണ് എനിക്ക് മനസ്സിലായി.
അപ്പുറത്തെ വീട്ടിലേക്ക് ചോദിച്ചു പോയിരുന്നവർ ഇപ്പോ കോഴിക്കോട്ടേക്ക് പോകുമ്പോ പോലും പറയുന്നില്ല. ഒരു പോക്ക് ഒരു വരവ് അതന്നെ..
ആളെ ഇല്ലാതാക്കൽ സഹിക്കാൻ പറ്റാതെ വന്നപ്പോ തിരിച്ചു പോകാൻ നോക്കി. പണി ഉറപ്പുള്ള വിസ ഒന്നുല്യ. പിന്നെ പോയി പരീക്ഷിക്കാൻ ഇപ്പോ കയ്യുല, അങ്ങനെ തീരുമാനിച്ചതാണ് ഈ കച്ചോടം, ഞാൻ ഇവിടെത്തുകാരനല്ല, കച്ചോടം എന്റെ നാട്ടിൽ പാടില്ലന്ന് മക്കളുടെയും ഭാര്യയുടെയും കർശന വിലക്കുണ്ട്. അതാണ് വണ്ടിയും കൊണ്ട് പല ഭാഗത്തും നടക്കുന്നത്. ഇനി നാളെ വേറെ ഏരിയയിലാകും, വീട്ടിൽ വല്ലപ്പോഴും പോകും. പറഞ്ഞു തീരും മുമ്പേ ആ കരുത്ത ശരീരം തളർന്ന പോലെ തോന്നി.
കുട്ടീ.. കേക്കുമ്പോ തോന്നും അവരുടെ അടുത്താണ് തെറ്റ് എന്ന് അല്ല ന്റെ അടുത്താണ്. ആ ജോലി കളഞ്ഞ് വരരുതായിരുന്നു. സൗദിയിൽ ആയിരുന്നെങ്കിൽ നമ്മൾ സുഖായിട്ട് ജീവിച്ച് ഒന്നും അറിയാതെ ഇവർക്കൊക്കെ നമ്മൾ ജീവനാണെന്ന് തെറ്റിദ്ധരിച്ച് സന്തോഷായിട്ട് ജീവിച്ചേനെ.. ഇതിപ്പോ എല്ലാരിം തിരിച്ചറിഞ്ഞപ്പോ ഒരു സങ്കടം..എല്ലാരും ഒരു തെറ്റിദ്ധാരണയിലാണ് ജീവിക്കുന്നത്, എല്ലാർക്കും എല്ലാരേയും ഇഷ്ടാണ് എന്ന തെറ്റിദ്ധാരണയിൽ. അത് വേണം കുട്ടി.. ആ തെറ്റിദ്ധാരണ പൊളിയാതെ ജീവിക്കാൻ ആണ് നമ്മള് നോക്കേണ്ടത്.
ആ..ദോ പീസ് പച്ചാസ് റുപ്യ, രണ്ടെണ്ണം അമ്പത് അയാൾ സംസാരത്തിനിടയിലും കച്ചോടം തുടർന്നുണ്ടായിരുന്നു.
വാങ്ങിയ പൈനാപ്പിൾ വീട്ടിലെത്തി മുറിച്ചു കഴിക്കുമ്പോൾ മധുരം രുചിക്കുന്നെങ്കിലും അയാളുടെ അനുഭവത്തിന്റെ കയ്പ് അസ്വസ്ഥതപ്പെടുത്തി. ഞാനും അറിഞ്ഞിരിക്കേണ്ട നാളേക്കുള്ള ഒരു പാഠമാണല്ലോ അയാൾ പഠിപ്പിച്ചു വിട്ടത്.
ഇനി മതി, കുറെ ആയില്ലേ, ഇവിടെ കുറച്ച് കാലം സന്തോഷായി ജീവിക്കാം എന്ന ഡയലോഗ് കേട്ട് ടിക്കറ്റെടുക്കരുതെന്ന ഓർമ്മപ്പെടുത്തലാണ് അയാളുടെ ജീവിതം.
![]()
