ജിദ്ദ – ഞായറാഴ്ച നടപ്പാക്കാന്‍ പോകുന്ന വെടിനിര്‍ത്തല്‍ കരാറിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങള്‍ നടത്തിയ ശ്രമങ്ങളെ സൗദി വിദേശ മന്ത്രാലയം അഭിനന്ദിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ കണിശമായി പാലിക്കപ്പെടണം. ഗാസയിലെ ഇസ്രായിലി ആക്രമണം അവസാനിപ്പിക്കുകയും ഗാസയില്‍ നിന്നും മറ്റെല്ലാ പലസ്തീന്, അറബ് പ്രദേശങ്ങളില്‍ നിന്നും അധിനിവേശ സേനയെ പൂര്‍ണമായും പിന്‍വലിക്കുകയും അഭയാര്‍ഥികളെ സ്വന്തം പ്രദേശങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും വേണം.
1967 ലെ അതിര്‍ത്തികളില്‍ കിഴക്കന്‍ ജറൂസലം തലസ്ഥാനമായി സ്വതന്ത്ര പലസ്തീന് രാഷ്ട്രം സ്ഥാപിക്കല്‍ അടക്കമുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ പലസ്തീന് ജനതയെ പ്രാപ്തരാക്കുന്നതിലൂടെ സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം പരിഹരിക്കാന്‍ ഈ കരാറില്‍ ഊന്നിയുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് പ്രധാനമാണ്. 45,000 ലേറെ പേരുടെ ജീവന് അപഹരിക്കുകയും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഗാസക്കെതിരായ ക്രൂരമായ ഇസ്രായിലി യുദ്ധം ഈ കരാര്‍ ശാശ്വതമായി അവസാനിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നതായും സൗദി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
![]()
