സെൻസർ ബോർഡ് നിർദ്ദേശിച്ച മാറ്റങ്ങൾക്ക് ശേഷം കങ്കണ റണൗട്ടിന്റെ രാഷ്ട്രീയ ചിത്രം ‘എമര്‍ജന്‍സി’ ഇന്ന് തിയേറ്ററുകളിലേക്ക്.ഏറെ കാത്തിരിപ്പിനൊടുവിൽ ആണ് റിലീസ് ആകുന്നതിനു മുൻപ് തന്നെ വിവാദങ്ങളിൽപെട്ട ചിത്രം പ്രദർശനത്തിനായി എത്തുന്നത്.
കങ്കണ റണൗട്ട് രചനയും സംവിധാനവും നിര്‍മ്മാണവും നിർവഹിച്ച എമര്‍ജന്‍സി 17 ജനുവരി 2025 നാണ് റിലീസ് ചെയ്യുക എന്നാണ് താരം തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. രാജ്യത്തെ ഏറ്റവും ശക്തയായ സ്ത്രീയുടെ ഇതിഹാസ കഥയും ഇന്ത്യയുടെ വിധിയെ മാറ്റിമറിച്ച നിമിഷവും വരുന്നു എന്നാണ് റിലീസ് പ്രഖ്യാപിച്ചുള്ള പോസ്റ്ററിന് കങ്കണ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വിവാദപരമായ 21 മാസത്തെ ഇന്ത്യന്‍ അടിയന്തരാവസ്ഥയാണ് കഥയുടെ ഇതിവൃത്തം. കങ്കണ റണൗട്ട് ഇന്ദിരാഗാന്ധിയുടെ വേഷം ചെയ്യുന്നു ചിത്രത്തില്‍ അടിയന്തരാവസ്ഥ, ഇന്ദിരാഗാന്ധിയുടെ വധം, 1980-കളിൽ ജർണയിൽ സിംഗ് ഭിന്ദ്രൻവാലയുടെ കീഴിലുള്ള ഖാലിസ്ഥാൻ പ്രസ്ഥാനത്തിന്റെ ഉദയം തുടങ്ങിയ പ്രധാന ചരിത്ര സംഭവങ്ങളും ഉള്‍പ്പെടുന്നുണ്ട്.
ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ വലിയ രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചു. പിന്നാലെ സെന്‍സര്‍ ബോര്‍ഡ് പലപ്പോഴായി ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റ് വൈകിപ്പിച്ചതും വലിയ വാര്‍ത്തയായിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ പുനഃപരിശോധനാ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പാലിച്ച് സിനിമയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് നിര്‍മാണക്കമ്പനിയായ സീ സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് ബോര്‍ഡ് നിര്‍ദേശിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1970 കളുടെ പശ്ചാത്തലത്തിൽ നിർമ്മിച്ച ഈ സിനിമ ഇന്ദിരാ ഗാന്ധിയുടെ ജീവിതമാണ് ആവിഷ്കരിക്കുന്നത്.
![]()
