തിരുവനന്തപുരം: പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. രാവിലെ 9 മണിക്ക് തിരുവനന്തപുരത്ത് നിയമസഭ മന്ദിരത്തിലെത്തി സ്പീക്കർ എ എൻ ഷംസീറിന് രാജിക്കത്ത് കൈമാറി. കാറിലെ എംഎൽഎ ബോർഡ് മറച്ചാണ് അനവർ നിയമസഭയിലേക്ക് രാജിക്കത്ത് കൈമാറാനായി എത്തിയത്.
നിലമ്പൂരില്‍ രാജിവെച്ച് ഒഴിവിലേക്ക് വരുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണക്കുമെന്നും അന്‍വര്‍ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. വനനിയമത്തിനെതിരെ മലയോര ജനതക്ക് വേണ്ടി പോരാടാന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടതിനാലാണ് എം.എല്‍.എ പദവി രാജിവെച്ചതെന്നും അദ്ദേഹം പറഞ്ഞു.നിയമസഭയില്‍ 150 കോടിയുടെ കോഴ ആരോപണം ഉന്നയിച്ച് വിഷത്തില്‍ വി.ഡി.സതീശനോട് മാപ്പു ചോദിക്കുന്നതായി അന്‍വര്‍ പറഞ്ഞു. ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വി. ശശിയുടെ നിര്‍ദേശാനുസരണം ആയിരുന്നുവെന്നും അന്‍വര്‍ വിശദീകരിച്ചു.ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വി.എസ്. ജോയിയെ നിര്‍ത്തണമെന്നും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ അന്‍വര്‍ നിര്‍ദേശിച്ചു.
എ.ഐ.സി.സി അംഗവും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പി. വി. ഷൗക്കത്തലിയുടെ മകനായി 1967 മെയ് 26 ന് മലപ്പുറം എടവണ്ണയിൽ ജനിച്ച അൻവർ എം.ഇ.എസ്.മമ്പാട് കോളേജിൽ യൂണിയൻ ജനറൽ സെക്രട്ടറിയും ചെയർമാനുമായിരുന്നു. നിരവധി വ്യവസായ സംരംഭങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന അൻവർ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമായത്.
![]()
