റിയാദ് : സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും കാറ്റും ഇടിമിന്നലും. ജിദ്ദ, മക്ക, മദീന തുടങ്ങിയ പ്രധാന നഗരങ്ങളിൽ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടങ്ങളുണ്ടായി. ചിലയിടങ്ങളിൽ ശക്തമായ മലവെള്ളപ്പാച്ചിലും റോഡുകളിൽ ഉയർന്ന വെള്ളക്കെട്ടുകളും രൂപപ്പെട്ടു. പത്താം തിയതി വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനമുണ്ടാവുമെന്നും ജനങ്ങൾ സൂക്ഷ്മത പുലർത്തണമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മക്ക, മദീന, ജിദ്ദ, അബഹ, അൽബാഹ, ദമ്മാം, ദവാദ്മി, ഖസീം, ജിസാൻ, ഹായിൽ, അൽജൗഫ്, ശറൂറ, തബൂക്ക്, തായിഫ്, വാദിദവാസിർ, യാമ്പു തുടങ്ങി രാജ്യത്തിൻറെ ഒട്ടു മിക്ക പ്രവിശ്യകളിലും ശക്തമായ മഴയാണ് ലഭിച്ചത്. മധ്യ പ്രവിശ്യയായ റിയാദിൽ പക്ഷെ മഴ മാറി നിന്നു. ഒപ്പം പലയിടങ്ങളിലും ഇടിമിന്നലും മഞ്ഞു വീഴ്ചയും അനുഭവപ്പെട്ടു. ജിദ്ദ വിമാനത്താവള പരിസരത്ത് മണിക്കൂറിൽ 116 കിമി വേഗതയിൽ ശക്തമായ കാറ്റ് വീശിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസ്സൈൻ അൽ ഖഹ്താനി പറഞ്ഞു. ജിദ്ദക്ക് സമീപം റാബിഗിൽ കടലിൽ രൂപപ്പെട്ട വാട്ടർ ടവർ പ്രതിഭാസം കരയിൽ തൊട്ടു. ഇതേത്തുടർന്നു കടലിൽ ഉയർന്ന തിരമാലകളുണ്ടായി. ജിദ്ദയിൽ വിമാന യാത്രക്കാരോട് യാത്ര പുറപ്പെടുന്നതിന്റെ മുമ്പേ അതാത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം അറിയണമെന്ന് ജിദ്ദ വിമാനത്താവള അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. മക്കാ ഹിറാ ഡിസ്ട്രിക്ടിൽ കൂറ്റൻ മതിലിടിഞ്ഞു നിരവധി വാഹനങ്ങൾക്ക് കേട് പാട് സംഭവിച്ചു. മക്കയിൽ കനത്ത മഴയിൽ കുതിർന്നാണ് തീർഥാടകർ ഉംറ നിർവ്വഹിച്ചത്. മക്കയിലും മദീനയിലും തോരാ മഴയാണ് അനുഭപ്പെട്ടത് . മദീനയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പ്രവിശ്യയിലെ ബദ്റിൽ 49.2 മില്ലിലിറ്റർ മഴയാണ് ലഭിച്ചത്.
![]()
