എറണാകുളം : കലൂർ സ്റ്റേഡിയത്തെ പരിപാടിക്കിടെ വീണു ഗുരുതര പരിക്കേറ്റ തൃക്കാക്കര എം.എൽ.എ. ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതിഎന്ന് മെഡിക്കൽ ബുള്ളറ്റിൻ. . സെഡേഷൻ മരുന്നിന്റെ ഡോസ് കുറച്ചതായി ഡോക്ടർമാർ അറിയിച്ചു. ഏഴുമണിക്ക് ഉണർന്നു. പറയുന്ന കാര്യങ്ങളോട് പ്രതികരിക്കുന്നുണ്ട്. കൈകാലുകൾ അനക്കി, ചിരിച്ചു. കൈയിൽ മുറുകെ പിടിക്കാൻ മകൻ പറഞ്ഞത് അനുസരിച്ചു. വായിൽ ട്യൂബ് ഉള്ളത് കൊണ്ട് സംസാരിക്കാൻ സാധ്യമല്ല. ഇപ്പോഴും വെന്റിലേറ്ററിലാണ്. ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. വെന്റിലേറ്ററിൽ നിന്നും മാറ്റിയാൽ മാത്രമേ ഗുരുതരാവസ്ഥ തരണം ചെയ്തു എന്ന് പറയാൻ സാധിക്കൂ.
ശ്വാസകോശത്തിന്റെ കാര്യത്തിലാണ് വെല്ലുവിളി. എക്സ് റെയിൽ ചെറിയ രീതിയിലെ പുരോഗതി കാണാനുണ്ട്. ഇത് പ്രതീക്ഷ നൽകുന്നു. അണുബാധ ഉണ്ടാവാതിരിക്കാൻ ശ്രമം തുടരുന്നതായും ഡോക്ടർമാർ പറഞ്ഞു.
കൊച്ചിയിലെ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയിൽ നിന്ന് 15 അടി താഴ്ചയിൽ വീണ ഉമാ തോമസ്, സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൻ്റെ പിന്തുണയിൽ ചികിത്സ തുടരുകയായിരുന്നു. നടി ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തിൽ അരങ്ങേറിയ, ‘മൃദംഗ നാദം 2024’ എന്ന മെഗാ ഡാൻസ് പ്രോഗ്രാമിൽ അതിഥികൾക്കിടയിൽ ഉമാ തോമസും ഉണ്ടായിരുന്നു. എട്ട് മിനിറ്റ് നീണ്ടുനിന്ന പ്രകടനത്തിൽ ദേവി ചന്ദന, ഉത്തര ഉണ്ണി, വിദ്യാ ഉണ്ണി, ഋതു മന്ത്ര, പാരീസ് ലക്ഷ്മി എന്നിവരുൾപ്പെടെ പ്രശസ്തരായ കലാകാരികൾ പങ്കെടുത്തു.
![]()
