സ്ഥാനം ഒഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കേരളത്തോട് വിട പറയും. ഇന്ന് രാവിലെ 11 മണിക്ക് രാജ്ഭവനിൽ നിന്ന് പടിയിറങ്ങിയ ആരിഫ് മുഹമ്മദ് ഖാൻ മലയാളത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് യാത്ര പറഞ്ഞത്.
മലയാളത്തിലാണ് അദ്ദേഹം മാധ്യമ പ്രവർത്തകരോട് സംസാരിച്ചു തുടങ്ങിയത്.
‘ഗവർണറുടെ കാലാവധി കഴിഞ്ഞു. പക്ഷെ ബന്ധം തുടരും. കേരളവുമായി ഇനി ആജീവനാന്ത ബന്ധമായിരിക്കും. കേരള ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ ഓർമകളും കൊണ്ടാണ് പോകുന്നത്. നിങ്ങളെ എല്ലാം ഞാൻ എന്നും ഓർക്കും. കേരളത്തിലെ എല്ലാവർക്കും നല്ലതു വരട്ടെ’ എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മലയാളത്തിൽ എഴുതി വായിച്ചവാക്കുകൾ.
കേരളത്തിന് വലിയ വിശിഷ്ടമായ സ്ഥാനം എന്റെ ഹൃദയത്തിലുണ്ട്.എല്ലാവരുമായും ബന്ധം തുടരുമെന്നും നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും കേരളത്തിലെ എല്ലാ വർക്കും നന്ദിയുണ്ടെന്നും എല്ലാവർക്കും ആശംസ നേരുന്നതായും ആദ്ദേഹം പറഞ്ഞു. സർവകലാശാലയുമായി ബന്ധപ്പെട്ട് ചാൻസലർ എന്ന നിലയിൽ തന്റെ അധികാരം ഉപയോഗിച്ചതാണെന്നും അതല്ലാതെ സർക്കാരുമായി യാതൊരു തർക്കങ്ങളുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സർക്കാരിന് ആശംസകൾ നേർന്ന അദ്ദേഹം ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു.
തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോകുന്ന അദ്ദേഹം വൈകിട്ട് ഡൽഹിയിലേക്ക് തിരിക്കും.
![]()
