ദോഹ : മലയാള സാഹിത്യ കുലപതി എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം (ഖിയാഫ്) എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി
നോവലിസ്റ്റ്, കഥാകൃത്ത് , തിരക്കഥാകൃത്ത്, സംവിധായകൻ, അധ്യാപകൻ തുടങ്ങി കൈ വെച്ച എല്ലാ മേഖലകളിലും സ്വന്തമായ വ്യക്തി മുദ്ര പതിപ്പിച്ച, മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്ന അധികായനെയാണ് എം ടി യുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നത്.
എം ടി യുടെ ലളിതമായ ഭാഷയും ഏതു മലയാളിക്കും പരിചിതമായ കഥാ പരിസരവും കഥാ പാത്രങ്ങളും ഒക്കെയായിരിക്കാം മലയാളികള്‍ക്ക് അദ്ദേഹം ഇത്രമേൽ പ്രിയപ്പെട്ടവനാകന് കാരണം. വായിച്ച കഥകളിലെ നൊമ്പരങ്ങള്‍ വായനക്കാരിലേക്ക് പകർന്ന് അത് അവരുടെ കൂടെ നൊമ്പരമായി മാറുമ്പോൾ ആ കഥയും കഥാപാത്രങ്ങളും കഥാകാരനും വായനക്കാരന്റെ മനസ്സില്‍ വാടാമലരായി എന്നെന്നും നില നില്ക്കുന്നു .
ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ, മഞ്ഞിലെ വിമല, തോണിക്കാരന് ബുദ്ധു, വളർത്തുമൃഗങ്ങളിലെ ജാനമ്മ, നാലുകെട്ടിലെ അപ്പുണ്ണി കാലത്തിലെ സേതു, അസുരവിത്തിലെ ഗോവിന്ദൻ കുട്ടി, കുട്ട്യേടത്തി രണ്ടാമൂഴത്തിലെ ഭീമൻ, അങ്ങിനെ ഒരുപാടൊരുപാട് കഥാപാത്രങ്ങളിലൂടെ മരണമില്ലാത്തവനായി ഇനിയും എം ടി നമുക്കൊപ്പമുണ്ടാവും.
തണുത്ത കാറ്റ് വീശുന്ന ജനാലക്കരികില്‍ തന്നെ ഉപേക്ഷിച്ചു പോയ കാമുകനെ കാത്തിരിക്കുന്ന വിമലയും വിജനമായ തടാകക്കരയില്‍ തന്റെ അച്ഛനെ കാത്തിരിക്കുന്ന ബുദ്ധുവും ഇപ്പോഴും ജീവിച്ചിരിക്കുന്നവരാണ് എന്ന തോന്നലുണ്ടാക്കാൻ മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിൻ്റെ നെറുകയിൽ എത്തിച്ച ആ അതുല്യപ്രതിഭക്ക് കഴിഞ്ഞിരുന്നു
![]()
