ദമ്മാം: വിശ്വ സാഹിത്യകാരൻ എം. ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ ദമ്മാം ഒ ഐ സി സി അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യത്തിനും സിനിമയ്ക്കും അദ്ദേഹം നൽകിയ സംഭാവനകൾ അനശ്വരമാണ്. അദ്ദേഹത്തിന്റെ രചനകൾ നമ്മെ എന്നും പ്രചോദിപ്പിക്കും. എല്ലാ അർഥത്തിലും വിസ്മയമായിരുന്നു, ഇതിഹാസമായിരുന്നു എം.ടി.
മനുഷ്യന്റെ മനോവ്യഥയും സംഘർഷവും സമ്മേളിക്കുന്ന അക്ഷരനക്ഷത്രങ്ങളുടെ ഭാവതീവ്രത തലമുറകൾക്കു പകർന്നു നൽകിയ എഴുത്തിന്റെ പുണ്യമായിരുന്നു മഹനായ എഴുത്തുകാരൻ. അദ്ദേഹത്തിൻറെ ജീവിതവും സൃഷ്ടികളും മലയാളികളുടെ മനസ്സിൽ എന്നും നിലനിൽക്കും.
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം സാധാരണക്കാരുടെ ജീവിതം താറുമാറാക്കി എന്ന് എം.ടി. വാസുദേവന്‍ നായർ മുൻപ് നടത്തിയ അഭിപ്രായം ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ പ്രതിഫലിപ്പിക്കുന്നതായിരുന്നു. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കാലാകാലങ്ങളിൽ സത്യസന്ധമായ അഭിപ്രായ പ്രകടനം നടത്താൻ എക്കാലത്തും എം.ടി മടിച്ചിരുന്നില്ല എന്ന് ഒ ഐ സി സി നാഷണൽ പ്രസിഡൻറ്റ് ബിജു കല്ലുമല, റീജ്യണൽ പ്രസിഡൻറ്റ് ഇ കെ സലിം, റീജ്യണൽ സംഘടനാ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം, റീജ്യണൽ ട്രഷറർ പ്രമോദ് പൂപ്പാല എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
![]()
