റിയാദ് : കേരളത്തിലെ ഏറ്റവും ലാഭകരമായി പ്രവർത്തിക്കുന്ന മണിയാര്‍ ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയ്ക്കു കൊടുക്കാനുളള അണിയറ നീക്കമാണ് നടക്കുന്നതെന്നും കമ്മീഷൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഈ നീക്കത്തെ ശക്തിയായി കോൺഗ്രസും യു ഡി എഫ് ഉം എതിർക്കുമെന്നും കെ പി സി സി സെക്രട്ടറി പഴകുളം മധു റിയാദിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.30 വർഷത്തെ കരാറിന് ശേഷം തിരിച്ചെടുക്കണമെന്ന് കരാർ വ്യവസ്ഥ ലംഖിച്ചാണ് മണിയാർ പദ്ധതി സ്വകാര്യ കമ്പനിക്ക് അടുത്ത 25 വർഷത്തേക്ക് കരടിസ്ഥാനത്തിൽ കൊടുക്കാനാണ് സർക്കാർ നീക്കാനാണ് നടത്തുന്നത്.അഴിമതിയിലൂടെ പണം വാരിക്കൂട്ടുക എന്ന ഏക ലക്ഷ്യമാണ് ഈ സർക്കാരിനുള്ളത് .ഏറ്റവും അവസാനം ടീകോം കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ച് നഷ്ടപരിഹാരം കൊടുക്കാനാണ് തീരുമാനം.വഖഫ് വിഷയത്തിൽ സമുദായങ്ങളെ തമ്മിലടിപ്പിച്ചു മുതലെടുപ്പിനായി സർക്കാർ ശ്രമിക്കുന്നത് ഏറെ ദൗർഭാഗ്യകരമാണ്.പ്രവാസികൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാർ ലോക കേരളം സഭ നടത്തി ഖജനാവിലെ പണം ദൂരത്തടിക്കുകയാണ്. അനര്‍ഹമായി സാമൂഹിക സുരക്ഷാ പെന്ഷന് കൈപ്പറ്റിയ 1400 സര്‍ക്കാര്‍ ജീവനക്കാരില്‍ മഹാഭൂരിപക്ഷം സിപിഎം അനുഭാവികളാണ്. അതുകൊണ്ടാണ് പേരുവിവരം പുറത്തുവിടാത്തതെന്നും അദ്ദേഹം ആരോപിച്ചു.
കെപിസിസി ജന. സെക്രട്ടറി പിഎ സലീമും സന്നിഹിതനായിരുന്നു.
സിപിഎംന് ഇടതു സ്വഭാവം നഷ്ടപ്പെട്ടതായി പിഎ സലിം പറഞ്ഞു. കേഡര്‍ വോട്ടുകൊണ്ടുമാത്രം ഒരു പാര്‍ട്ടിയും അധികാരത്തിലെത്തില്ല. ഇതുനഷ്ടപ്പെട്ടതുകൊണ്ടാണ് ഇടതുകോട്ടകളെന്നു വിശേഷിപ്പിച്ച ധര്‍മ്മടം ഉള്‍പ്പെടെ കണ്ണൂരില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടമുണ്ടാക്കിയത്. ഇടതുമുന്നണിയുടെ മണ്ണു ചോര്‍ന്നുപോവുകയാണ്. സിപിഎമ്മിന്റെ ഉള്‍പ്പാര്‍ട്ടി കലഹങ്ങള്‍ ചരിത്രത്തിലാധ്യമായി തെരുവു യുദ്ധങ്ങളായി മാറി. ആശയത്തിലും സംഘടനാ തലത്തിലും സിപിഎം പ്രതിസന്ധിയിലാണ്. ന്യൂനപക്ഷ പ്രീണനം നടത്തിയവര്‍ ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനമാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സൗദിയിലെ ഒഐസിസി സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇരുവരും റിയാദിലെത്തിയത്. വിവിധ പ്രവിശ്യകളിലെ റീജിയനല്‍ കമ്മറ്റികളുമായും പ്രവര്‍ത്തകരുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ ഒഐസിസി നാഷണല്‍ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല, റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുല്ലാ വല്ലാഞ്ചിറ, ജന. സെക്രട്ടറി ഫൈസല്‍ ബാഹസന്‍, വൈസ് പ്രസിഡന്റ് സലിം കളക്കര എന്നിവരും പങ്കെടുത്തു .
![]()
