ദമ്മാം: സൗദി ആലപ്പി വെൽഫെയർ അസോസിയേഷൻ ‘സവ’ സംയുക്ത നിർവ്വാഹക സമിതി മീറ്റിംഗും, കുടുംബ സംഗമവും ഒരുക്കി. സൈഹാത് ഫാമിൽ നടന്ന സംഗമം മികച്ച ചർച്ചകൾ കൊണ്ടും, വൈവിധ്യ പരിപാടികൾകൊണ്ടും ഏറെ ശ്രദ്ധേയമായി.
‘സവ’ യിൽ 15 വർഷത്തെ സമർപ്പിത സേവനം പൂർത്തിയാക്കിയ മൂന്ന് പ്രധാന അംഗങ്ങളായ സാജിദ് ആറാട്ടുപുഴ, നിറാസ് യുസുഫ് , യഹിയ കോയ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സൗദി ആലപ്പി വെൽഫെയർ അസോസിയേഷൻ സ്ഥാപിക്കുന്നതിലും അതിൻ്റെ വളർച്ചയിലും വിജയത്തിലും നിർണായക പങ്ക് വഹിച്ചിട്ടുള്ളവരാണ് ഇവർ.
‘സവ’ പ്രസിഡൻ്റ് സാജിദ് ആറാട്ടുപുഴ, അസോസിയേഷൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും, ഭാവി സാധ്യതകളെക്കുറിച്ചും ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് നൗഷാദ്, ‘സവ’ വനിതാ വേദി പ്രസിഡൻ്റ് നെസ്സി നൗഷാദ്, ‘സവ’ വനിതാ വേദി സെക്രട്ടറി സാജിദ നൗഷാദ് എന്നിവരും അസോസിയേഷൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഐക്യത്തിൻ്റെയും സഹവർത്തിത്വത്തിൻ്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് സംസാരിച്ചു.’സവ’ ട്രഷറർ റിജു ഇസ്മായിൽ കഴിഞ്ഞ കാലയളവിലെ അസോസിയേഷൻ്റെ ചെലവുകൾ വിശദമാക്കുന്ന സമഗ്ര സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കമ്മിറ്റിയുടെ പ്രവർത്തനങ്ങളെ കുറിച്ച് എക്സിക്യൂട്ടീവ് അംഗങ്ങൾ അഭിപ്രായം പങ്കുവെച്ചു. അസോസിയേഷൻ്റെ അടിത്തറ കൂടുതൽ ദൃഢമാക്കുന്നതിന് നിലവിലെ കമ്മിറ്റി ആറു മുതൽ പന്ത്രണ്ട് മാസം കൂടി തുടരേണ്ടതിൻ്റെ ആവശ്യകത പലരും ഊന്നിപ്പറഞ്ഞു. തുടർന്ന്, ഈ സമിതിയുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാൻ എക്സിക്യൂട്ടീവ് കമ്മിറ്റി കൂട്ടായ തീരുമാനം കൈകൊണ്ടു. ഈ കാലയളവിലേക്ക് പുതിയ മീഡിയ കൺവീനറായി യാസർ അറഫാത്തും, ചാരിറ്റി കൺവീനറായി എബി എസ് ഹമീദും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ സെക്രട്ടറി ജോഷി ബാഷയുടെ ഔദ്യോഗിക തിരക്കുകൾ പരിഗണിച്ച് അദ്ദേഹത്തിൻ്റെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിനായി ആക്ടിംഗ് സെക്രട്ടറിയായി നൗഷാദ് ആറാട്ടുപുഴയെ നിയമിച്ചു. സാംസ്കാരിക പരിപാടികൾക്ക് നേതൃത്വം നൽകാൻ സിറാജ് കരുമാടി, സിദ്ദിഖ് കായംകുളം, നിസാർ ആറാട്ടുപുഴ, അമൃത ശ്രീലാൽ എന്നിവരെയും, സജീർ, നിറാസ്, രാജീവ്, നൗഷാദ് അബ്ദുൾ സമദ് എന്നിവരെ കായിക പരിപാടികൾക്ക് നേതൃത്വം നൽകാനും തിരഞ്ഞെടുത്തു.നൗഷാദ് അബ്ദുൾ സമദ്, എബി, രശ്മി ടീച്ചർ, നെസ്സി, സാജിത എന്നിവർ അംഗങ്ങളായി ‘സവ’യുടെ ബൈലോകൾക്ക് അന്തിമരൂപം നൽകാൻ പുതിയ കമ്മിറ്റിയും രൂപീകരിച്ചു. സവ ബാലവേദി രൂപീകരിക്കുന്നത് സംബന്ധിച്ച ചർച്ചകളും നടന്നു.
തുടർന്ന്, ഓണാഘോഷ വേളയിൽ ഓണസദ്യ ഒരുക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച സവ വനിതാവേദി അംഗങ്ങളെ സ്നേഹോപഹാരം നൽകി ആദരിച്ചു. ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയതിന് നൂറ നിറാസിനെയും, അഫ്രീൻ നവാസ്, അഫ്നാൻ നവാസ് എന്നിവരെ ‘സവ’യുടെ സാംസ്കാരിക പരിപാടികളിലെ മികച്ച പ്രയത്നത്തിന് അംഗീകാരം നൽകി ആദരിച്ചു.
തുടർന്ന് റിജു ഇസ്മായിൽ, അഞ്ജു നിറാസ് എന്നിവരുടെ നേതൃത്വത്തിൽ വിനോദ പരിപാടികൾ സംഘടിപ്പിച്ചു. രസകരവും മനോഹരവുമായ പാട്ടുകളും നൃത്തങ്ങളും മറ്റ് വിനോദങ്ങളും കൊണ്ട് സായാഹ്നം നിറഞ്ഞു. ‘സവ’ അംഗങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന വളരെ വിജയകരമായ ഒരു ഒത്തുചേരലിനു സമാപനം കുറിച്ചുകൊണ്ട് അത്താഴവിരുന്നോടെ പരിപാടി സമാപിച്ചു.
![]()
