പാലക്കാട്: ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന സംഘടനെയെന്ന് സന്ദീപ് വാര്യർ.
ജനാധിപത്യത്തെ പാടെ മതിക്കാത്ത ഏകാധിപത്യ പ്രവണതയുള്ള ഒരു സംഘടനയിൽ വീർപ്പുമുട്ടി കഴിയേണ്ടി വന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.ബിജെപിയിൽ നിന്നും പലതവണ സ്നേഹം കരുതൽ സഹോദര്യം എന്നിവ ലഭിച്ചില്ലെന്നും സന്ദീപ് കോൺഗ്രസ് പാർട്ടിയിൽ സ്വീകരണം ലഭിച്ച ശേഷം ബിജെപിയെ രൂക്ഷമായി വിമർശിച്ച് കൊണ്ട് പറഞ്ഞു.
.സ്വന്തം അഭിപ്രായം പറയുന്നതിനുള്ള സ്വാതന്ത്ര്യമില്ല. ഉപാധികളില്ലാതെ സ്നേഹിക്കണമെന്ന് ആഹ്വാനം ചെയ്തതിന്റെ പേരിൽ വിലക്ക് നേരിട്ടയാളാണ് ഞാൻ. ഒരു വർഷക്കാലമാണ് മാധ്യമങ്ങളിൽ സംസാരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതെന്ന് സന്ദീപ് വാര്യർ ആഞ്ഞടിച്ചു.
ഒരു ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പേരിൽ വിലക്ക് ഏർപ്പെടുത്തിയിട്ടും അപ്പോഴെന്നും താൻ പാർട്ടി വിട്ടില്ല. കഴിഞ്ഞ കുറെയേറെ വർഷമായി ബിജെപിയിൽ നിന്നും എനിക്ക് കിട്ടിയത്, ഒറ്റപ്പെടുത്തലും വേട്ടയാടലും മാത്രമായിരുന്നു. കോൺഗ്രസ് പ്രവേശനത്തിന് ഉത്തരവാദി കെ. സുരേന്ദ്രനും സംഘവും മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായി ചേർന്ന് അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിനെതിരെ നിലപാട് എടുത്തു എന്നതാണ് താൻ ചെയ്ത കുറ്റം. ബലിദാനികളെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി മുതലെടുത്തുവെന്നും അവരുടെ പേര് പറഞ്ഞ് പ്രവർത്തകരെ തെറ്റിദ്ധരിപ്പിച്ചു. ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം കിട്ടിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും എന്തുകൊണ്ട് മുതിർന്ന അഭിഭാഷകരാരും കേസിൽ സുപ്രീംകോടതിയിൽ ഹാജരായില്ലെന്നും സന്ദീപ് ചോദിച്ചു. മുഴുവൻ നേരവും ഇത്തരം വെറുപ്പ് ഉത്പാദിപ്പിക്കുന്ന ഫാക്ടറിയിൽനിന്ന് പുറത്തുവന്ന സന്തോഷത്തിലാണ് ഞാൻ. ഇനിയുള്ള കാലം കോൺഗ്രസുകാരനായി തുടരുമെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
![]()
