റിയാദ് : ജീവകാരുണ്യ പ്രവർത്തനങ്ങൾ സാമൂഹിക ഉത്തരവാദിത്വത്തോടെ നിർവഹിക്കുമ്പോൾ പ്രവാസികൾ കൂടുതൽ മാനവികതയുടെ മൂല്യങ്ങൾ ഉൾക്കൊള്ളുകയും സാർവ്വ ലൗകിക മാനവികതയുടെ ഉദാത്ത പ്രതീകങ്ങൾ ആയി മാറുകയാണെന്നു എൻ കെ പ്രേമചന്ദ്രൻ എം പി അഭിപ്രായപ്പെട്ടു.റിയാദിലെ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയായ മൈത്രിയുടെ 19 – ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കേരളീയം 2024 പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലു ദശാബ്ദങ്ങളായി കടല്‍ കടന്നു പ്രവാസം തെരെഞ്ഞെടുത്ത മലയാളികൾ കഠിനാധ്വാനത്തിലൂടെ രക്തം വിയർപ്പാക്കി കുടുംബത്തിനും ബന്ധുക്കൾക്കും ഒപ്പം നാടിൻറെ പുരോഗതിക്കുമായി ജീവിതത്തിന്റെ വസന്തകാലത്തെ മണലാരുണ്യത്തിൽ സമർപ്പിച്ചവരാണ് പ്രവാസികൾ.കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലാണ് നാല് ദശാബ്ദമായുള്ള പ്രവാസം.മതസൗഹാർദ്ദവും മത നിരപേക്ഷതയിൽ അധിഷ്ഠിതമായ ഉന്നതമായ സാംസ്കാരിക ബോധവും പുലർത്തുന്ന ഒരു നാടാക്കി നമ്മുടെ മലയാള മണ്ണിനെ നിലനിർത്താൻ ഉപകരിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃപരമായ പങ്ക് വഹിക്കാൻ മൈത്രിയെ പോലെയുള്ള പ്രവാസി സംഘടനകൾക്ക് കഴിയണെമെന്നു പ്രേമചന്ദ്രൻ അഭിപ്രായപ്പെട്ടു.
മൈത്രി പ്രസിഡന്റ് റഹ്മാൻ മുനമ്പത്ത് അദ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.
ചടങ്ങിൽ മൈത്രി കേരളീയം പുരസ്ക്കാരം എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും മൈത്രി കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ഡോ. പുനലൂർ സോമരാജൻ ഗാന്ധിഭവനും,മൈത്രി ഹ്യുമാനിറ്റേറിയന്‍ പുരസ്ക്കാരം യുഎഇയിലെ സാമൂഹിക പ്രവര്ത്തകൻ നസീർ വെളിയിലിനെയും നൽകി ആദരിച്ചു.
![]()
