സ്വന്തം ദേശത്ത് ജീവിക്കാന്‍ നിവൃത്തിയില്ലാതെ മറ്റു ദേശങ്ങളിലേക്ക് കുടിയേറുന്ന മലയാളി എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. ആദ്യകാല കുടിയേറ്റം നാടിനുള്ളില്‍ തന്നെയായിരുന്നു. ആഭ്യന്തര കുടിയേറ്റം. പിന്നീടത് ഇതര സംസ്ഥാനങ്ങളിലേക്കായി. മെച്ചപ്പെട്ട വാസയിടങ്ങള്‍ കണ്ടെത്തി അവിടേക്ക് കുടിയേറുന്നതില്‍ മലയാളി കാണിക്കുന്ന പ്രാഗല്ഭ്യം മറ്റൊരു ജനതയും കാണിക്കുന്നില്ലെന്നു തോന്നുന്നു. ലോകത്തിൻറെ ഏതു കോണിൽ ചെന്നാലും ഒരു കുടിയേറ്റ മലയാളിയെ കാണാം. പുതിയ ആവാസവ്യവസ്ഥയോട് വേഗം ഇഴുകി ചേര്‍ന്ന് ഭദ്രമായ ഒരു ജീവിതം രൂപപ്പെടുത്തിയവര്‍ എത്രയോ ഉണ്ട്. ചന്ദ്രനിലെ ബീരാനിക്കയുടെ ചായക്കടയെന്നത് വെറും തമാശയല്ല!
നോർകയുടെയും (നോൺ റസിഡന്റ് കേരളൈറ്റ്സ് അഫയേഴ്സ്) വിദേശകാര്യ മന്ത്രാലയത്തിന്റെയും രേഖകൾ പ്രകാരം കേരളീയരില്ലാത്ത ഒരേയൊരു രാജ്യം ഉത്തര കൊറിയയാണ്. അതായത്, ലോകത്തെ ആകെയുള്ള 195 രാജ്യങ്ങളിൽ 194 രാജ്യങ്ങളിലും മലയാളികളുണ്ട്! .
വെലോപ്പിള്ളിയുടെ ആസാം പണിക്കാര് (1941) രണ്ടാം ലോകമഹായുദ്ധ കാലത്ത് ആസാമിലേക്ക് റെയില്‍പ്പാളങ്ങള്‍ സ്ഥാപിക്കാന്‍ പോയ മലയാളിത്തൊഴിലാളികളെക്കുറിച്ചുള്ള
കവിതയാണ്. ഇങ്ങനെ പോകുന്ന മനുഷ്യര്‍ സ്വയം വിശേഷിപ്പിക്കുന്നത് ‘പരിഷകളാ’ യിട്ടാണ്. ഇന്നവരെ വിളിക്കുന്നത് പ്രവാസികള്‍ എന്ന ഗംഭീരമായ പേരിലാണ്.
“ജനിച്ച വീടുവിട്ടയകലെ ആസ്സാമില്‍
പണിക്കും പോകുന്ന
പരിഷകള്‍ ഞങ്ങള്‍”

സ്വന്തം ദേശത്തെ ജീവിതം പൊറുതി മുട്ടി മറ്റൊരു ദേശത്തേക്ക് കുടിയേറിയ മനുഷ്യരുടെ ജീവിതമാണ് എസ്. കെ.പൊറ്റക്കാടിന്റെ വിഷകന്യക (1948) എന്ന നോവലിന്റെ പ്രമേയം. പട്ടിണിയും പകർച്ച വ്യാധികളും കൊണ്ട് വലഞ്ഞ തിരുവിതാംകൂറിലെ കുറെ മനുഷ്യർ വലിയ പ്രതീക്ഷകളുമായി മലബാറിന്റെ മണ്ണിലേക്ക് കുടിയേറുന്നതിന്റെയും അവരും പ്രകൃതിയും തമ്മിലുള്ള പോരാട്ടത്തിന്റെയും കഥ പറയുന്ന നോവലാണത്.
1900 ല്‍ തന്നെ മലയാളി തൊഴില്‍തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെക്ക് പോയിട്ടുണ്ട്. ആദ്യകാല പ്രവാസം മലയയിലേക്കും ബര്‍മ്മയിലേക്കും സിംഗപ്പൂരിലെക്കും, സിലോണിലെക്കുമായിരുന്നെങ്കില് 1965 കള്‍ മുതല്‍ അത് ഗള്‍ഫായി. ഗള്‍ഫ് പ്രവാസത്തിനു അറുപതു വയസായി.
പിന്നിട്ട ഈ അറുപതാണ്ടിനെ മൂന്നായി തരാം തിരിക്കാം. അതിസാഹസികമായി ലോഞ്ചിലും പത്തേമാരിയിലുമായി ഗള്‍ഫിലെത്തിയ ആദ്യ തലമുറ. എസിയോ ഫാനോ ലഭ്യമല്ലാത്തിനാല്‍ ചാക്ക് നനച്ച് അതില്‍ കിടന്നു ചൂടില്‍ നിന്ന് രക്ഷ നേടിയവര്‍. കൂബൂസും പച്ച വെള്ളവും കുടിച്ചു ജീവിതം തള്ളി നീക്കിയവര്‍. നാട്ടില്‍ നിന്നെത്തുന്ന ഒരു കത്തിനായി ആഴ്ചകള്‍ കാത്തിരുന്നവവര്. ഒരു മലയാള പത്രം പോലും അവര്‍ക്ക് കിട്ടിയിരുന്നില്ല. മരുഭൂമിയിലെ 50° ഡിഗ്രി ചൂടിൽ നിർമ്മാണ മേഖലയിലെ വ്യത്യസ്തമായ കഠിന ജോലികൾ ചെയ്തവര്‍. അവരുടെ കുടുംബ ജീവിതമാണ് എസ്.എ. ജമീലിന്റെ ‘എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍…’ എന്ന് തുടങ്ങുന്ന കത്തുപാട്ടില് നാം കേട്ടത്.
1977 കളിലാണ് ജമീലിന്റെ പ്രശസ്തമായ കത്തുപാട്ട് പിറക്കുന്നത്. അതിലെ ഏതാനും വരികൾ ഇങ്ങനെയാണ്.
“ “ഞാനൊന്ന് ചോദിക്കുന്നു
ഈ കോലത്തിൽ എന്തിനു സമ്പാദിക്കുന്നു,
ഒന്നുമില്ലെങ്കിലും
തമ്മിൽ കണ്ടുകൊണ്ട്
നമ്മൾ രണ്ടും ഒരു പാത്രത്തിൽ
ഉണ്ണാമല്ലോ,
ഒരു പായ്,
വിരിച്ചൊന്നിച്ചുറങ്ങാമല്ലോ….” ”
ഈ കത്തുപാട്ടിനുള്ള മറുപടി എഴുതിയതും ജമീൽ തന്നെ. അതും പ്രശസ്തമാണ്. അതിലെ വരികള്‍ :
“ “അബൂദബിയിലുള്ളൊരെഴുത്തുപെട്ടി,
അന്നു തുറന്നപ്പോൾ കത്തുകിട്ടി
എൻ പ്രിയ നീ നിന്റെ ഹൃദയം പൊട്ടി
എഴുതിയ കത്തു ഞാൻ കണ്ടുഞെട്ടി”
അവര്‍ അയച്ച പണമാണ് കേരളത്തിന്റെ മുഖം മാറ്റിയത്.

ഒരു പഴയ കാല പ്രവാസി ലേഖകനോട് പറഞ്ഞു.
“അന്ന് കപ്പലുകള്‍ ഉണ്ടായിരുന്നില്ല. പത്തേമാരിയിലാണ് യാത്ര. ബോംബെ തുറമുഖത്ത് നിന്ന് സവാള കയറ്റി പോകുന്ന പത്തേമാരിയില്‍ ചാള അടുക്കുന്നത് പോലെ മനുഷ്യരെ അടുക്കി കൊണ്ടാണ് പോയത്, പല തീരങ്ങളില്‍ അടുത്തു ആഴ്ചകള്‍ക്കും ശേഷമാണ് അക്കരെ എത്തിയത്. കഷ്ടപാടില്‍ നിന്ന് രക്ഷ നേടി പോയതാണ്. കടല്‍ ചൊരുക്കും, മാറുന്ന കാലാവസ്ഥയും കാരണം പലപ്പോഴും യാത്ര ദുഷ്കരമായിരുന്നു. യാത്രയ്ക്കിടയിൽ എത്രയോ പേർ മരിച്ച് പോയിട്ടുണ്ട്, അവരെ കടലില്‍ ഏറിയും. എല്ലാ യാതനകളും സഹിച്ചത് ഒരു തുണ്ട് ഭൂമി സ്വന്തമാക്കാനായിരുന്നു. അടുച്ചുറപ്പുള്ള കൂര സ്വപനം കണ്ടായിരുന്നു. പ്രായമായി വരുന്ന പെങ്ങന്മാരുടെ നിക്കാഹ് മാന്യമായി നടത്താന്‍ വേണ്ടിയായിരുന്നു. എനിക്കത് നേടാനായി. ഒന്നും കാര്യമായി നേടാനാവാത്തവരും ഉണ്ട്”
മലപ്പുറം ജില്ലയിലെ കൊടിഞ്ഞി എന്ന ഗ്രാമത്തിൽ നിന്ന് ഗൾഫിലേക്ക് ലോഞ്ചിൽ പോയ 59 ഓളം പേർ ഇന്നും മടങ്ങി വന്നിട്ടില്ല. ആ ലോഞ്ചിന് എന്ത് പറ്റിയെന്ന് ഇന്നും അറിയില്ല. യുദ്ധം അനുഭവിച്ചിട്ടില്ല, മലയാളി എന്ന് പറയാറുണ്ട്. അത് ശരിയല്ല. അക്കാലത്തെ കടലിലൂടെയുള്ള ലോഞ്ച് യാത്ര യുദ്ധസമാനമായിരുന്നു. ചരിത്രത്തിലെവിടെയും അത് വേണ്ട വിധം രേഖപ്പെടുത്തിയിട്ടില്ല. (ശിഹാബ്ദുദീന് പൊയ്ത്തുംകടവ്)
രണ്ടാം തലമുറയ്ക്ക് ഗള്‍ഫിലേക്ക് വിമാനത്തില്‍ വരാനായി. ഭേദപ്പെട്ട ജീവിത സാഹചര്യത്തില്‍ കഴിയാന്‍ ഭാഗ്യം സിദ്ധിച്ചു. പലര്‍ക്കും ഫാമിലിയെ കൊണ്ട് വന്നു ജീവിക്കാനായി.
ഈ രണ്ടാം തലമുറ അയച്ച പണം കൊണ്ട് നല്ല വിദ്യാഭ്യാസം സിദ്ധിച്ചു ഗള്‍ഫിലേക്ക് വരാന്‍ കഴിഞ്ഞവരാണ് മൂന്നാം തലമുറ. അവര്‍ക്ക് അഞ്ചു മണിക്കൂര്‍ കൊണ്ട് കേരളത്തിലെത്താന്‍ കഴിയുന്നു.
ലോകത്തിന്റെ കുടിയേറിയവരില്‍ മിക്കവരും പ്രായം ചെല്ലുമ്പോള്‍ നാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നവരാണ്. സ്വന്തം നാട്ടിലെ കാറ്റേറ്റ് ‘പ്രാണന് വായുവില്‍ അലിയണം’ എന്ന കാര്യത്തില്‍ നിര്ബന്ധമുള്ളവര്. എന്നാല്‍ ഇന്ന് നാട് വിട്ടു പോകുന്ന യുവതലമുറ ഒരിക്കലും ഇവിടേക്ക് മടങ്ങി വരാന്‍ ആഗ്രഹിക്കുന്നില്ല. ക്യാനഡയിലും, യു.കെയിലും, യു. എസിലും യൂറോപ്പിലും പി ആര് സ്വപ്നം കണ്ടു പോകുന്ന യുവതലമുറ ഈ നാടിനെ ഉപേക്ഷിക്കുകയാണ്. അത്രയേറെ ജീവിക്കാന്‍ കൊള്ളാത്ത ഒരു സ്ഥലമായി മലയാളക്കരമാറിയോ? അവധിക്ക് വരുന്നതിനു പകരം. മാതാപിതാക്കളെ വിസിറ്റ് വിസയില്‍ അവര്‍ താമസിക്കുന്ന നാട്ടിലേക്ക് കൊണ്ട് പോകുന്നതാണ്. ഒരു പുതിയ സ്ഥലം കാണാമെന്നുള്ളതു കൊണ്ട് മാതാപിതാക്കള്‍ക്കും അതാണ് താല്പര്യം!
ഈ പ്രവണതയൊന്നും പുതിയത് എന്ന് അവകാശപ്പെടുന്നില്ല. വിദേശ രാജ്യങ്ങളിലേക്ക് എത്രയോ മലയാളികള്‍ കുടിയേറിയിരിക്കുന്നു. ഈ കുടിയേറ്റത്തിലെ പ്രധാന വത്യാസം ഈ പോകുന്നതു ഉപരിപഠനത്തിനാണ് എന്നതാണ്. ഈ വിധമുള്ള കുടിയേറ്റത്തിന്റെ തോത് കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്നു. നേരത്തെ ഡിഗ്രിയും തൊഴില്‍ പരിചയവും നേടിയിട്ടാണ് ഈ കുടിയേറ്റമെങ്കില്‍ ഇപ്പോള്‍ പ്ലസ് ടു കഴിയുമ്പോള്‍ തന്നെ ഈ യാത്ര ആരംഭിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ പ്ലസ് വണ്ണിനു പഠിക്കുമ്പോള്‍ തന്നെ IELTS/TOEFL/SAT തുടങ്ങിയ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നു. ഇതില്‍ നേടുന്ന മാര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാണ്. ചെറുപ്പത്തില്‍ത്തന്നെ പുതിയ രാജ്യത്ത് എത്തിയാല്‍, അവിടുത്തെ ഭാഷയും നാട്ടുനടപ്പുകളും പരിചയപ്പെടാന്‍ എളുപ്പമത്രേ. ആ സമൂഹത്തിലൊരാളായി മാറാന്‍ കഴിയും. ആ നാട്ടുകാരനെ പോലെ, നടക്കാനും വര്‍ത്തമാനം പറയാനും, ചിരിക്കാനും കഴിയും. കരച്ചില് മാത്രമേ എല്ലായിടത്തും ഒരു പോലെയുള്ളൂ.
ഇരിക്കും നിമിഷം തൊട്ടെന്‍
മകന് ഇംഗീഷ് പഠിക്കണം
അതിനാല്‍ ഭാര്യതന്‍ പേറ-
ങ്ങിംഗ്ലണ്ടില്‍ തന്നെയാക്കി ഞാന്‍ (കുഞ്ഞുണ്ണി മാഷ്)
ദൈവത്തിന്റെ നാട്ടില്‍ കഴിഞ്ഞാല്‍ സ്വപ്നങ്ങള്‍ വെറും സ്വപ്നങ്ങള്‍ മാത്രമായി തന്നെ തുടരുമെന്ന് ഒരു തലമുറ അപ്പാടെ ചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഏറെയുണ്ടാവും. ഉന്നത വിദ്യാഭ്യാസ നിലാവാര തകര്‍ച്ച, ഏതു മേഖലയിലും ഉള്ള രാഷ്ട്രീയ അതിപ്രസരം. തൊഴിലവസരങ്ങളുടെ കുറവ്, ഓഫീസ് ജോലിയ്ക്ക് ലഭിക്കുന്ന തുച്ഛമായ വേതനം, ജാതിയുടെ അടിസ്ഥാനത്തിലുള്ള റിസര്‍വേഷന്‍ എന്തിലും നേരിടുന്ന കാലതാമസം (ബ്രെയിന്‍ ഡ്രെയ്ന്‍ / ഡിസ്ട്രെസ്സ് ) തുടങ്ങി നിരത്താന്‍ നിരവധി കാരണങ്ങള്‍.
വിദേശ രാജ്യത്ത് ഉപരിപഠനം നടത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വര്‍ദ്ധന ഉണ്ടായിട്ടുള്ളതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് ആഗസ്റ്റില്‍ രാജ്യസഭയിൽ പറഞ്ഞു. 2024 ല്‍ 13,35,878 ഇന്ത്യൻ വിദ്യാർഥികളാണ് വിദേശരാജ്യങ്ങളിൽ ഉപരിപഠനം നടത്തുന്നത്. 2022 ല്‍ അത് 9,07,404 ആയിരുന്നു. ഇതില്‍ നല്ലൊരു ശതമാനം മലയാളികളാണ്. രണ്ടായിരത്തി ഇരുപത്തി അഞ്ചാകുന്നതോടെ കേരളത്തിൽ നിന്നും വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ എണ്ണം പ്രതിവർഷം ഒരു ലക്ഷം കവിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഫെബ്രുവരിയില്‍ ലോക്സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് 40,000 പേരാണ് കേരളത്തില്‍ നിന്ന് 2021 ല്‍ വിദേശ ക്യാമ്പസുകളില്‍ എത്തിയത്.

കേരളത്തിൽ നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എ പ്രസംഗിച്ചത് ഇങ്ങനെയാണ്:
കേരളത്തിൽ എം.ബി.എ, സിവിൽ/മെക്കാനിക്കൽ എൻജിനിയറിംഗ് ബിരുദം എന്നിവയുള്ള ഉദ്യോഗാർത്ഥിക്ക് വാഗ്ദാനം ചെയ്യുന്ന ശരാശരി ശമ്പളം 10,000-14,000 രൂപയാണ്. ഇക്കാരണംകൊണ്ട്, സംസ്ഥാനത്ത് പ്ളസ് ടു പാസാകുന്ന ഒരു കുട്ടി, എങ്ങനെയും വിദേശത്തു കടക്കണമെന്നാണ് ചിന്തിക്കുക. അതേസമയം, സ്വകാര്യമേഖലയിലെ ഐ.ടി പ്രൊഫഷണലുകൾക്ക് ന്യായമായ ശമ്പളമാണ് നൽകുന്നത്.
കോട്ടയത്തെ പ്രമുഖ എജന്‍സി നല്കിയ വിവരം അനുസരിച്ചു അമേരിക്കയില്‍ ഐ റ്റി ഡിഗ്രി പഠിക്കാന്‍ പോകുന്ന ഒരു കുട്ടിയ്ക്ക് വര്‍ഷം 14-25 ലക്ഷം രൂപയെങ്കിലും പഠന ചെലവ് വരുമത്രേ. കോഴ്സ് പൂര്‍ത്തിയാക്കാന്‍ 40 ലക്ഷമെങ്കിലും മറ്റ് രാജ്യങ്ങളില്‍ വേണം. ആസ്ട്രേലിയയില്‍ ബി എസി നേഴ്സിംഗ് പഠിക്കാന്‍ അറുപതു ലക്ഷം ഫീസിനത്തില്‍ തന്നെ വേണം. അതിലുപരി താമസത്തിനും ആഹാരത്തിനും വേണ്ട പണം പാര്‍ട്ട് ടൈം ചെയതുണ്ടാക്കണം. എന്നിട്ടും കുട്ടികള്‍ പോകുന്നു.
എത്ര കോടി രൂപയാണ് ഈ ഇനത്തില്‍ വിദേശത്തേക്ക് ഒഴുകുന്നത്? പത്തനംത്തിട്ട, കോട്ടയം ജില്ലകളില്‍ എവിടെനോക്കിയാലും വസ്തു വില്‍പ്പനയ്ക്ക് എന്ന ബോര്‍ഡ് കാണാം ബാങ്ക് ലോണെടുത്തും, ആധാരം പണയത്തിലാക്കിയും ഇങ്ങനെ പോകുന്ന കുട്ടികള്‍ക്ക് തിരികെ വന്ന് ഇന്ത്യന്‍ കമ്പനികളില്‍ ജോലി ചെയ്താല്‍ അവരുടെ കടം വീടുകയില്ല. അവര്‍ സമീപ ഭാവിയില്‍ സ്ഥിര താമസത്തിനായി ഇന്ത്യയിലേക്ക് മടങ്ങാനുള്ള സാധ്യത വിരളം. കുടിയേറിയ രാജ്യത്തിന്റെ പാസ്സ്പോര്‍ട്ടില്‍ തിരികെ വന്നാല്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഗള്‍ഫ് രാജ്യങ്ങില്‍ ജോലി ലഭിക്കുന്ന പ്രവണതയുണ്ട്. അത് തിരഞ്ഞെടുക്കുന്നവര്‍ അപൂര്‍വ്വമായി മാറിയിരിക്കുന്നു.
വര്‍ദ്ധിച്ചു വരുന്ന വിദ്യാര്‍ഥി കുടിയേറ്റം കൊണ്ട് കേരളത്തിനു എന്തെങ്കിലും പ്രയോജനം ഉണ്ടെന്നു കരുതുക വയ്യ. പോയവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റും, പി ആറും
കിട്ടുന്നതോടെ അവരുടെ വീടും നിക്ഷേപവുമെല്ലാം ആ രാജ്യത്ത് തന്നെയാവും. അവരുടെ സമ്പാദ്യം നാട്ടിലേക്ക് മാറ്റേണ്ട കാര്യമില്ല. നാട്ടിൽ വീടും വസ്തുവും വാങ്ങിക്കാനോ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടാനോ ഗള്‍ഫ്കാരെ പോലെ അവരെ കിട്ടില്ല.
കേരളം പണിത ഗള്‍ഫ് പ്രവാസികളെപോലെയല്ല ഈ പുതിയ പ്രവാസികള്‍.
1965 മുതലുള്ള ഗള്‍ഫ് പ്രവാസം കൊണ്ട് മലയാളക്കരയ്ക്ക് ഉണ്ടായ നേട്ടങ്ങള്‍ നിരവധിയാണ്. ഗള്‍ഫ് മലയാളിയാണ് കേരളത്തിന്റെ ഗതി മാറ്റിയത്. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വഹിച്ച പങ്കിന് തുല്യമാണു ഈ പാവം മനുഷ്യരുടെ സംഭാവന. ഈ മനുഷ്യര്‍ അയച്ച പണം കൊണ്ടാണ് നമ്മുടെ നാടിന്റെ അവസ്ഥയ്ക്ക് മാറ്റമുണ്ടായത്. അവര്‍ അയച്ച പണം നാട്ടില്‍ ചിലവഴിക്കുമ്പോള്‍ നാട്ടില്‍ സാമ്പത്തിക ക്രയ വിക്രയങ്ങള്‍ ഉണ്ടായി. നമ്മുടെ നാട്ടിലെ ആശുപത്രി, കോളേജ്, അനാഥാലയം, രാഷ്ട്രീപ്രസ്ഥാനങ്ങള്, പത്രങ്ങള്‍, ടി വി ചാനലുകള്‍ എല്ലാറ്റിന്റെ പിന്നിലും ഗള്ഫുകാരന് നല്കിയ പണമാണ്.
മലയാളിയുടെ സമസ്ത സിരകളിലും ഗള്‍ഫ് ലയിച്ചു. സിനിമയില്‍, നാടകത്തില്‍, ഗാനങ്ങളില്‍, കത്ത് പാട്ടുകളില്‍ ഗള്‍ഫ് തരംഗമായി. അത്തറ് പൂശി, സമ്മാനങ്ങള്‍ അടങ്ങിയ വലിയ സ്യൂട്ട് കേസുമായി വരുന്ന പുതു മണവാളനെ നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ സ്വപനം കണ്ടു.
പ്രവാസ ജീവിതത്തിന്റെ വിഹ്വലതകളും നൊമ്പരങ്ങളും അടിസ്ഥാനമായി നിരവധി സിനിമകള്‍വന്നു. വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഗര്‍ഷോം, നാടോടിക്കാറ്റ്, പെരുമഴക്കാലം, കല്ല്കൊണ്ടൊരു പെണ്ണ്, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം, അറബികഥ, പത്തേമാരി തുടങ്ങിയവ അവയില്ചിലതു മാത്രം.
മലയാളി നെഞ്ചിലേറ്റിയ നിരവധി ഗാനങ്ങള്‍ പ്രവാസവുമായി ബന്ധപ്പെട്ടതായിരുന്നു. ഉത്തരേന്ത്യയിലെ പട്ടാള ക്യാമ്പിന്റെ പശ്ചാത്തിലെ മാമലകള്‍ക്കപ്പുറത്ത്, സ്വപ്നം പലതും വിറ്റു പെറുക്കി, കരകാണാക്കടലലമേലേ, പറയാന്‍മറന്ന പരിഭവങ്ങള്‍, തിരികെ ഞാന്വരുമെന്ന, കല്ലായിക്കടവത്ത്, നാട്ടുവഴിയോരത്തെ, സ്വപ്നം പലതും വിറ്റു പെറുക്കി, അറബിപ്പൊന്നുരുകിയ പോലെ പുന്നാരക്കടലല, എന്നിങ്ങനെ എത്രയോ ഗാനങ്ങള്‍. മലയാളിയുടെ സിനിമയിലും, ഗാനത്തിലും, നോവലലിലും, ചെറുകഥകളിലും, പ്രവാസിയുടെ ഉരുകുന്ന ഹൃദയതുടിപ്പുണ്ട്. എത്രയോ സംസ്കാരങ്ങളിലുള്ളവര്‍ ഗള്‍ഫില്‍ ഉപജീവനം തേടി വന്നുവെങ്കിലും അവരുടെ നാടിന്റെ സമസ്ത മണ്ഡലങ്ങളിലും ഗള്‍ഫ് ഇങ്ങനെ സ്വാധീനിച്ചിട്ടുണ്ടാവില്ല. നാട്ടിലെ എല്ലാ രാഷ്ടീയ പാര്‍ട്ടികളും അവരുടെ സാമ്പത്തിക സ്രോതസായി ഗള്‍ഫിലെ രാഷ്ട്രീയ അനുഭാവികളെ എന്നും ഉപയോഗിച്ചു. നേതാക്കന്മാര് വന്നപ്പോള്‍ അവരുടെ പെട്ടി ചുമക്കാന്‍ സംഘടനാ നേതാക്കള്‍ മത്സരിച്ചു. അവര്‍ തിരികെ പോകുമ്പോള്‍ ബിസിനസ്സ് പ്രമുഖര്‍ നല്കിയ സമ്മാനങ്ങള്‍ കുത്തി നിറച്ച പെട്ടി കെട്ടി തളര്‍ന്ന ഒരു ഗള്‍ഫ് നേതാവിനെ പരിചയമുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം. മലയാളത്തോടുള്ള സ്നേഹം മൂത്ത് സാംസ്കാരിക നായകരെയും എഴുത്തുകാരെയും ഗള്‍ഫിലേക്ക് കൊണ്ട് വന്നപ്പോള്‍ അവര്‍ ആവശ്യപെട്ട പണവും അവാര്‍ഡും സംഘാടകര്‍ സന്തോഷത്തോടെ സമ്മാനിച്ചു. ഹാസ്യ കഥാപാത്രങ്ങള്‍ ചെയ്യുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോവിഡ് കാലത്തിനു മുമ്പ് ഒരു രാത്രി വന്നു പോകുന്നതിനു ടിക്കറ്റും ഹോട്ടലിനും പുറമേ പ്രതിഫലമായി വാങ്ങിയത് രണ്ടു ലക്ഷമായിരുന്നു. അക്കൌണ്ടില്‍ കാശ് വീഴുന്നത് വരെ അയാള്‍ വേദിയില്‍ കയറാതെ നിന്നു. സംഘാടകര്‍ പരക്കം പാഞ്ഞു. ടിക്കറ്റ് വെച്ച് നടത്തുന്ന പരിപാടിയായിരുന്നില്ല അത്. ആത്യന്തികമായി ഈ സഹനങ്ങളുടെയൊക്കെ പിന്നില്‍ ഗള്ഫുകാരന് മലയാളത്തോടുള്ള സ്നേഹമായിരുന്നു. അമൂല്യമായ ഹൃദയ വികാരം. ആഥിതേയരില് പലര്‍ക്കും അതിഥി തൊഴിലാളിയുടെ വരുമാനം പോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.
കേരളത്തിലെ ഗ്രാമങ്ങളുടെ മുഖം മാറ്റിയത് ഗള്‍ഫ് പണമായിരുന്നു. ഗ്രാമങ്ങളില്‍പോലും ട്രാവല്ഏജന്സികള്, ബേക്കറി, ഹോട്ടലുകള്‍, ജ്യുവലറികള്‍, വീഡിയോ ലൈബ്രറികള്‍, വില കൂടിയ വാഹനങ്ങള്‍ വന്നത് പെട്ടന്നാണ്. മലബാറിലെ പല മേഖലകളും ഗള്‍ഫ് പോക്കറ്റുകളായി. 1960 കള്മുതലുള്ള ഗള്‍ഫു കുടിയേറ്റത്തിന്റെ ഫലമായി കേരളത്തിലെത്തിയ പണത്തിന്റെ ചെറിയ ശതമാനം ഉല്‍പ്പാദന മേഖലയിലേക്ക് മാറ്റിയിരുന്നെങ്കില്കേരളത്തില്നിന്ന് ഒരാള്‍ക്കും ജോലി തേടി പുറം രാജ്യത്തിലേക്ക് പോകേണ്ടി വരില്ലായിരുന്നു എന്നൊരു നീരിക്ഷണമുണ്ട്.
പുതിയ പ്രവാസിയുടെ സമ്പാദ്യം ഇങ്ങനെ നാട്ടിലേക്ക് ഒഴുകുകയില്ല. അത് നമ്മുടെ നാട്ടില്‍ മാറ്റങ്ങള്‍ വരുത്തുകയില്ല. അവര്‍ക്ക് നാട്ടിലെ ഉള്ള സമ്പാദ്യം തന്നെ ഒരു ഭാരമാണ്. നിലവിലുള്ള പറമ്പോ, പാട ശേഖരങ്ങളോ, വലിയ വീടോ അവര്‍ക്ക് വേണ്ട. അവര്‍ക്ക് വേണ്ടത് കൂടുതല്‍ ആധുനികമായ ആവാസവ്യവസ്ഥയാണ്.
![]()
