റിയാദ്: ട്രാഫിക് നിയമ ലംഘന കേസിൽപ്പെട്ട് 11 വർഷമായി നാട്ടിൽ പോകാൻ കഴിയാതിരിന്നുന്ന മലയാളിക്ക് കെ.എം.സി.സി തുണയായി. കോഴിക്കോട് നടുവണ്ണൂർ സ്വദേശി സാദിഖിനാണ് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വെൽഫെയർ വിംഗ് ഇടപ്പെടൽ വഴി നാടണയാൻ സാധിച്ചത്.
ഒരു പതിറ്റാണ്ടിലേറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വ്യാഴാഴ്ച എയർ ഇന്ത്യ എക്പ്രസ് വിമാനത്തിൽ കോഴിക്കോടെത്തിയ സാദിഖിനെ സന്തോഷാശ്രുക്കളോടെയാണ് കുടുംബം വരവേറ്റത്.
റിയാദിൽ ടാക്സി കാർ ഓടിയിരുന്ന സാദിഖ് റെന്റ് എ കാർ കമ്പനിയുമായുണ്ടായ തർക്കത്തെ തുടർന്നാണ് നിയമ കുരുക്കിലകപ്പെട്ടത്. സാദിഖ് ഓടിച്ചിരുന്ന റെന്റ് എ കാർ തിരിച്ചു കൊടുത്തിട്ടും നിയമ പരമായി അദ്ദേഹത്തിന്റെ പേരിൽ നിന്നും കാർ മാറ്റാതിരുന്നതാണ് പ്രശ്നമായതെന്ന് സാദിഖ് പറയുന്നു. വിഷയത്തിൽ ജിദ്ദയിലുള്ള കഫീലും മറ്റും ഇടപ്പെട്ടിട്ടും പരിഹാരമാവാതെ വന്നതോടെ പ്രശ്നം സങ്കീർണ്ണമാവുകയും നാട്ടിലേക്ക് പോകാൻ കഴിയാതെ ഇവിടെ കുരുങ്ങുകയുമായിരുന്നു. ഇതിനിടയിൽ പ്രമേഹമടക്കം വിവിധ ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. പലരും വിഷയത്തിലിടപ്പെടാൻ ശ്രമം നടത്തിയിരുന്നുവെങ്കിലും വിജയിച്ചില്ല. അങ്ങിനെയാണ് റിയാദ് കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി ഫൈസൽ പൂനൂർ വഴി വെൽഫെയർ വിംഗിന്റെ ശ്രദ്ധയിൽ വിഷയമെത്തുന്നത്.
വെൽ ഫെയർ വിംഗ് ചെയർമാൻ അലി അക്ബർ ചെറൂപ്പ, കൺവീനർ ഷറഫു മടവൂർ, ജില്ലാ ചെയർമാൻ ഷൗക്കത്ത് പന്നിയങ്കര , ജില്ലാ ട്രഷറർ റാഷിദ് ദയ എന്നിവരുടെ നേതൃത്വത്തിൽ സാദിഖിന്റെ പ്രശ്നത്തിൽ നിരന്തരം ഇടപ്പെട്ടു. ജിദ്ധയിലുള്ള സ്പോൺസറെ കണ്ട് ആരോഗ്യ പ്രശ്നങ്ങളടക്കമുള്ള സാദിഖിന്റെ അവസ്ഥ ബോധ്യപ്പെടുത്തി. ജിദ്ദയിൽ അഷ്റഫ് പൂനൂർ നിയമപരമായ കാര്യങ്ങൾ നീക്കുന്നതിന് രംഗത്തുണ്ടായിരുന്നു. ഇതിനിടയിൽ പ്രമേഹം മൂർച്ചിച്ചതിനെ തുടർന്ന് ബത് ഹയിലെ ഷിഫാ അൽ ജസീറ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകി. വരുമാനമില്ലാതെയും കൃത്യമായ ചികിത്സ ലഭ്യമാവാതെയും വന്നത് അദ്ധേഹത്തെ ശാരീരികമായും മാനസികമായും തളർത്തിയിരുന്നു. പ്രമേഹം മൂർച്ഛിച്ചതോടെ ഡോക്ടർമാർ വിദഗ്ദ ചികിത്സ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഒന്നര മാസത്തിലധികം നീണ്ട നിരന്തരമായ ഇടപ്പെടലുകൾക്കൊടുവിലാണ് നിയമ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനായത്. ട്രാഫിക് പിഴ അടക്കമുള്ള നിയമ പ്രശ്നങ്ങൾ തീർക്കാൻ സയിദ് നടുവണ്ണൂരിന്റെ നേതൃത്വത്തിൽ റിയാദിലും ദുബൈയിലുമുള്ള നടുവണ്ണൂർ നിവാസികൾ പണം കണ്ടെത്തി നൽകി.
വിഷയത്തിൽ ശിഹാബ് നടമ്മൽ പൊയിൽ, സഹൽ നടുവണ്ണൂർ, മുഹമ്മദ് കായണ്ണ, ഷിഫാ അൽ ജസീറ പോളിക്ലിനിക്ക്, ഉസ്താദ് ഹോട്ടൽ എന്നിവരും സഹായവുമായി രംഗത്തുണ്ടായിരുന്നു.പ്രതീക്ഷയറ്റ സമയത്ത് കെ.എം.സി.സി പ്രവർത്തകർ സമയോചിതമായി ഇടപ്പെട്ടത് മൂലമാണ് എനിക്ക് നാട്ടിലെത്താനയതെന്നും സഹായിച്ച മുഴുവനാളുകൾക്കും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും സാദിഖ് പറഞ്ഞു.
![]()
