റിയാദ്: 49 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിനോദ സാംസ്കാരിക പരിപാടി റിയാദ് സീസണിന് ഞായറാഴ്ച തുടക്കം.റിയാദ് സീസണിന്റെ 14 വേദികളിലൊന്നായ സുവൈദി പാര്‍ക്കില്‍ ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളുടെ സാംസ്കാരിക ആഘോഷങ്ങള്‍ നടക്കുമെന്ന് സംഘാടകരായ ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യ, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, പാകിസ്ഥാന്, യമന്‍, സുഡാന്, സിറിയ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ കലാസാംസ്കാരിക പരിപാടികളാണ് അരങ്ങേറുക.
പരിപാടി നവംബര്‍ 30 വരെ നീണ്ടുനില്ക്കൂം. സുവൈദി പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം പൂര്‍ണമായും സൗജന്യമായിരിക്കും. webook.com എന്ന വെബ്സൈറ്റോ ആപ്പോ വഴി സൗജന്യ ടിക്കറ്റ് എടുക്കാം.
ഈ മാസം 13 മുതല്‍ 21 വരെ ഇന്ത്യന്‍ സാംസ്കാരികോത്സവത്തോടെയാണ് തുടക്കം. 21 മുതല്‍ 25 വരെ ഫിലിപ്പൈന്‍സ്, 26 മുതല്‍ 29 വരെ ഇന്തോനേഷ്യ, 30 മുതല്‍ നവംബര്‍ രണ്ട് വരെ പാകിസ്ഥാന്, നവംബര്‍ മൂന്ന് മുതല്‍ ആറ് വരെ യമന്‍, ഏഴ് മുതല്‍ 16 വരെ സുഡാന്, 17 മുതല്‍ 19 വരെ സിറിയ, 20 മുതല്‍ 23 വരെ ബംഗ്ലാദേശ്, 24 മുതല്‍ 30 വരെ ഈജിപ്ത് എന്നിങ്ങനെയാണ് ഒരോ രാജ്യങ്ങളുടെയും തനത് സാംസ്കാരിക പരിപാടികള്‍ അരങ്ങേറുക. വ്യത്യസ്ത ദേശക്കാരായെത്തുന്ന കാഴ്ചക്കാരിലേക്ക് രാജ്യത്തെ പരിചയപ്പെടുത്താനുള്ള അപൂര്‍വ അവസരം കൂടിയാണ് സുവൈദി പാര്‍ക്ക് വേദി വഴി റിയാദ് സീസണ് സമ്മാനിക്കുന്നത്.
ഒമ്പത് ദിവസം നീളുന്ന ഇന്ത്യന്‍ സാംസ്കാരികോത്സവത്തിൽ പങ്കെടുക്കാൻ പ്രശസ്ത ക്രിക്കറ്റ് താരങ്ങളായ ശ്രീശാന്തും ഉംറാന്‍ മാലിക്കും എത്തും. ബോളിവുഡ് സംഗീതജ്ഞനായ ഹിമേഷ് രേഷ്മിയയും പ്രമുഖ ഇന്ത്യന്‍ ഹിപ് ഹോപ് റാപ്പര്‍ എമിവേ ബന്തായ് എന്ന ബിലാല്‍ ശൈഖും സുവൈദി പാര്‍ക്കില്‍ പാടും.
![]()
