ശ്രീകുമാരി അശോകൻ
ശ്രീരാമ രാജാ അറിയുന്നുവോ
ശൃoഗിവേരാധിപൻ ഗുഹനാണു ഞാൻ
വനവാസ കാലേ ഗംഗാ നദീതടേ
വന്നതില്ലേ ഭവാൻ സീതയുമായ്
ഓടമരച്ചോട്ടിൽ വന്നു നിൽക്കേ
ഓടിയണഞ്ഞു ഞാൻ തോഷമോടെ
കാഴ്ചവച്ചെൻ നൈഷാദജന്മവും രാജ്യവും
കൗസല്യാത്മജാ നിൻ തിരുമുമ്പിൽ ഞാൻ
വർണവും ജാതിയും നോക്കാതെ അന്നെന്നെ
വാരിപ്പുണർന്നില്ലേ ആത്മസഖേ
നിഷാദ രാജൻ ഞാൻ തന്നൊരു ഭോജനം
നിഷേധിച്ചില്ലേ നീ നിർദയനായ്
ലക്ഷ്മണനേകിയ തണ്ണീർ കുടിച്ചു
ലക്ഷ്യസ്ഥാനത്തേക്കന്നു പോയതില്ലേ
നിദ്രയെ പുൽകുവാൻ പോയനേരം
നിർനിദ്രനായി ഞാൻ അരികിലെത്തി
കുശലങ്ങൾ ഇത്തിരി ചൊല്ലിടാനായ്
കൗതുകമോടന്നു വന്നു നിൽക്കേ
കുശശയ്യയിൽ നീ നിദ്രപൂകി ഞാനോ
കുശലങ്ങൾ പങ്കിട്ടു സൗമിത്രിയുമായി
തോണി തുഴഞ്ഞു ഞാൻ എത്തീടവേ
തോണിമേലേറീലേ സീതസമേതനായ്
നിന്നുടെ സോദരൻ ഭരതനെൻ ചാരത്തു
നിറമിഴിയോടന്നു നിന്ന നേരം
ഉപചരിച്ചനുനയം പറഞ്ഞു ഞാൻ പലവിധം
ഉൺയെ ഭരതനും ഉൾക്കൊണ്ടുതേ
വഴിക്കണ്ണുമായി ഞാൻ കാത്തിരുന്നെത്ര നാൾ
വന്നീല എൻ തോഴൻ ഗുഹസവിധേ
ഇന്നുമീ ഭാരത നാട്ടിൽ ഞാൻ വാഴുന്നു
ഇന്നെത്തുമോ എൻ പ്രിയസഖേ നീ
ഭരണചക്രങ്ങൾ തിരിക്കുന്നു രാമന്മാർ
ഭരണനൈപുണി രാമാ നിന്നോളമൊക്കുമോ
അധികാരഭ്രമമില്ലാത്തൊരു രാമൻ എന്നിനി
അധികാരിയായ് വരും ഈ പുണ്യഭൂവിൽ
വിവേചനമില്ലാത്ത ആ നല്ല ലോകം
വന്നെത്തുമോ രാമാ എന്നെങ്കിലും
![]()
