ന്യൂഡല്‍ഹി: ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനത്തേക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചത്. ഇതോടെ വരാനിരിക്കുന്ന പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച കരട് ബില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് രാജ്യ പുരോഗതിക്ക് വിഘാതമാകുന്നെന്ന് സ്വാതന്ത്ര്യദിനത്തിന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
നീക്കത്തെ പാർലമെന്റിൽ എതിർത്ത് തോല്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കുമെന്ന് ജനതാദള്‍ യു ദേശീയ വര്‍ക്കിങ് പ്രസിഡന്റും രാജ്യസഭാ എം പിമായ സഞ്ജയ് ഝാ വ്യക്തമാക്കി കഴിഞ്ഞു.
പാർലമെന്റിന്റെ ഇരുസഭകളിലും എൻ ഡി എ യ്ക്ക് കേവലഭൂരിപക്ഷമുണ്ടെങ്കിലും ഇരുസഭകളിലും മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുന്നത് വെല്ലുവിളിയാണ്. രാജ്യസഭയിലെ 245 സീറ്റുകളിൽ എൻഡിഎയ്ക്ക് 112 ഉം പ്രതിപക്ഷ പാർട്ടികൾക്ക് 85ഉം സീറ്റുകളുണ്ട്. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർക്കാരിന് 164 വോട്ടെങ്കിലും വേണം.
![]()
