തൃശൂർ : തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ട്യൻ ഐ എ എസ് ഇത്തവണ ഓണമാഘോഷിച്ചത് കേരളത്തിന്റെ സ്വന്തം സൈന്യമായ മത്സ്യത്തൊഴിലാളികൾക്കൊപ്പമായിരുന്നു. ഉത്രാടം ദിനം പുലർച്ചെ 5 മണിക്ക് അഴീക്കോട് ഫിഷറീസ് ഹാർബറിൽ നിന്ന് ശ്രീ കൃഷ്ണ പ്രസാദം എന്ന വള്ളത്തിൽ 50 മത്സ്യ തൊഴിലാളികളോടടോപ്പം ഏകദേശം 12 നോട്ടിക്കൽ മൈലോളം ഉൾക്കടൽ വരെ പോയി ആണ് സ്നേഹം പങ്കിട്ടത്. ഫിഷറീസ് ഹാർബറിൽ നിന്ന് വടക്കു പടിഞ്ഞാറ് ഏകദേശം 12 നോട്ടിക്കൽ മൈൽ ദൂരം (22 കി. മീ) അഞ്ചു മണിക്കൂറോളം സമയം തൊഴിലാളികളോടൊപ്പം വള്ളത്തിൽ ചെലവിട്ടു. അവർ നേരിടുന്ന വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. വളരെ സന്തോഷേത്തോടെയാണ് എല്ലാവരും സ്വീകരിച്ചതും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചതെന്നും കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പോസ്റ്റിൽ പറയുന്നു.
തിരികെ എത്തി കടലോര ജാഗ്രതാ സമിതി അംഗങ്ങളുമായും ചർച്ച നടത്തി.
മീൻ പിടിക്കുന്ന വലകൾക്കും മറ്റു ഉപകരണങ്ങൾക്കും സംഭവിക്കുന്ന നാശനഷ്ടം, മോശം കാലാവസ്ഥ കാരണം നഷ്ടമാകുന്ന തൊഴിൽ ദിനങ്ങൾ, ബോട്ട് നവീകരണത്തിനുള്ള ചിലവ്, ഇന്ധന ലഭ്യത തുടങ്ങിയ വെല്ലുവിളികൾ നേരിട്ടാണ് മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ഇറങ്ങുന്നത് ബോധ്യമായെന്ന് കുറിപ്പിലുണ്ട് . തൃശൂർ ജില്ലയിലെ 61 കിലോമീറ്റർ തീരദേശം ഉൾക്കൊള്ളുന്ന കൊടുങ്ങല്ലൂർ, ചാവക്കാട് ഭാഗങ്ങളിലെ തീരദേശവാസികളുടെ പ്രശ്നങ്ങൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങൾ എല്ലാവരുടെയും പങ്കാളിത്തത്തോടെ ഊർജിതമാക്കുമെന്നു അദ്ദേഹം തൊഴിലകൾക്ക് ഉറപ്പുകൊടുത്തു .
വി എഫ് എ മുരുകൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ്, മറൈൻ എൻഫോഴ്സ്മെൻറ് & വിജിലൻസ് വിങ്ങ് ഓഫീസർ വി.എൻ പ്രശാന്ത് കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
![]()
