മഹാരാഷ്ട്ര : രാജ്യത്ത് മതത്തിന്റെ പേരിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് എൻസിപി അധ്യക്ഷൻ ശരദ് പവാർ. രാജ്യത്തലവൻ പൊതുപരിപാടികളിൽ കൈകൾ ഉയർത്തി ബജ്റംഗ് ബാലി കി ജയ് എന്ന് വിളിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുമെന്നാണ് പവാറിന്റെ ആരോപണം. പൂനെയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മോദിക്കെതിരെ പവാർ വിമർശനം ഉന്നയിച്ചത്. മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളിൽ പ്രതികരിച്ച അദ്ദേഹം അധികാരത്തിലെത്താൻ ബിജെപി നേതാക്കൾക്ക് എന്തും ചെയ്യുമെന്നും ആരോപിച്ചു.
മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങളിൽ മൂന്ന് സമുദായങ്ങൾ തമ്മിൽ സംഘർഷമുണ്ടെന്ന് പവാർ പറഞ്ഞു. “കേന്ദ്രത്തിൽ ബിജെപിയാണ് അധികാരത്തിലുള്ളത്. മ്യാൻമർ അതിർത്തി അടുത്താണ്, 53 ദിവസത്തിലേറെയായി തുടരുന്ന ഈ സംഘർഷാവസ്ഥ നിയന്ത്രിക്കാൻ ബിജെപി ശക്തമായ നടപടികളൊന്നും സ്വീകരിക്കുന്നില്ല. ഇത് ബിജെപിയുടെ പരാജയമാണ്.”- ശരദ് പവാർ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി കൈകോർത്ത പ്രതിപക്ഷ പാർട്ടികളുടെ രണ്ടാം ഘട്ട യോഗം ബെംഗളൂരുവിൽ നടക്കുമെന്നും അദ്ദേഹം പരഞ്ഞു.. നേരത്തെ ഷിംലയിൽ യോഗം ചേരുമെന്ന് പറഞ്ഞിരുന്നെങ്കിലും യോഗത്തിന്റെ വേദി മാറ്റുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 13, 14 തീയതികളിൽ ബെംഗളൂരുവിൽ യോഗം സംഘടിപ്പിക്കുമെന്ന് പൂനെയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ശരദ് പവാർ പറഞ്ഞു.
![]()
