എറണാകുളം :നിയമവിരുദ്ധ താമസക്കാർക്ക് പിഴയൊടുക്കാതെ നിയമ നടപടികൾ പൂർത്തിയാക്കി രാജ്യം വിടാനും രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും അവസരം നൽകുന്നതിന് സെപ്തംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെ യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് സൗകര്യം പരമാവധി പ്രയോജനപ്പെടുത്താൻ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ എം പി പറഞ്ഞു. യു. എ. ഇ ഗൾഫ് ഭരണാധികാരികൾ പ്രവാസി സമൂഹത്തിനോട് കാണിക്കുന്ന കരുതലിന്റെയും കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ഭാഗമായുള്ള ഇത്തരം നടപടികൾ സ്വാഗതാർമാണെന്നും തന്നെ വന്നു കണ്ട ഇൻകാസ് യു എ ഇ കമ്മിറ്റി പ്രതിനിധി സംഘവുമായി എറണാകുളത്ത് വെച്ച് നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം പറഞ്ഞു. പൊതുമാപ്പ് കാലയവളിൽ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനുളള നടപടികളും പദ്ധതികളും കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ സഹായങ്ങൾ ഇൻകാസ് പ്രവർത്തകർ മുന്നിട്ടിറങ്ങണം. ഇൻകാസ് യു എ ഇ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട് സുനിൽ അസീസ് ,ജനറൽ സെക്രട്ടറിമാരായ കെ.സി അബൂബക്കർ , ബി.എ നാസർ, മുൻ പ്രസിഡണ്ട് മഹാദേവൻ വാഴശ്ശേരിയിൽ, കെ.പി.സി.സി സംഘടനാ ചുമതലെയുള്ള ജനറൽ സെക്രട്ടറി അഡ്വ. എം ലിജു, ഇൻകാസ് ചുമതലയുള്ള വൈസ് പ്രസിഡണ്ട് വി.പി സജീന്ദ്രൻ, ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് നേതാക്കളായ എൻ.പി രാമചന്ദ്രൻ, ഷാജി കാസ്മി, ടി.എ നാസ്സർ, ഫൈസൽ തഹാനി,അബ്ദുൾ മജീദ്, പ്രകാശ്,സുബൈർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
![]()
