റിയാദ്:ഇന്ത്യൻ സമൂഹം ജനാധിപത്യത്തിന്റെ കരുത്ത് കാണിച്ചു തുടങ്ങിയെങ്കിലും
കേരളം അപകടരമായ സോഷ്യൽ എഞ്ചിനീയറിംഗിന്റെ ഫലമായി ഫാഷിസത്തിന്റെ വളക്കൂറുള്ള മണ്ണായിരിക്കുന്നുവെന്ന് മാധ്യമ പ്രവർത്തകൻ നജീം കൊച്ചുകലുങ്ക് പറഞ്ഞു.ബത്ഹ ‘അപ്പോളോ ഡെമോറോ’ഓഡിറ്റോറിയത്തിൽ പ്രവാസി വെൽഫെയർ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ സമൂഹത്തിന് പുതിയ പ്രതീക്ഷകളും ഉത്തരവാദിത്തങ്ങളുമാണ് ഈ ദിനം ഓർമ്മിപ്പിക്കുന്നതെന്ന് പ്രവാസി വെൽഫെയർ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സമ്മേളനം പ്രസിഡന്റ് ഖലീൽ പാലോട് ഉദ്ഘാടനം ചെയ്തു.
‘കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിവിൽ സമൂഹത്തിന്റെ ഭരണവിരുദ്ധ നിലപാടുകൾ പൂർണ്ണാർത്ഥത്തിൽ പ്രതിഫലിപ്പിക്കുവാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞില്ല, എങ്കിലും ‘മോഡി ഗ്യാരണ്ടി’ക്ക് ലഭിച്ച ശക്തമായ തിരിച്ചടിയാണ് പ്രതിപക്ഷ മുന്നേറ്റ’മെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി പറഞ്ഞു.
സമുദായങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുന്നത് അതിന്റെ ഭാഗമാണ്. സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ ഏറ്റെടുക്കുവാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്നും സാമുദായിക വിഭജനങ്ങൾ ചെറുക്കണമെന്നും കെ.എം.സി.സി പ്രതിനിധി
ഷാഫി തുവ്വൂർ ആവശ്യപ്പെട്ടു. ‘കാസ’ പോലുള്ള ക്ഷുദ്രശക്തികൾ നടത്തുന്ന കുപ്രചരണത്തെ തടയാൻ എല്ലാവരും രംഗത്ത് വരണമെന്ന് മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂരും മനുഷ്യാവകാശങ്ങളും വഖഫ് നിയമങ്ങളും പരിരക്ഷിക്കാൻ ജനാധിപത്യ സംവിധാനങ്ങൾ മുന്നോട്ട് വരണമെന്ന് പ്രവാസി ഏരിയ കമ്മിറ്റിയംഗം അഡ്വ. ഷാനവാസും, സാമ്പത്തികരംഗത്തെ അസമത്വത്തിന്റെ കണക്കുകളുദ്ധരിച്ചു സി.സി അംഗം സലീം മാഹിയും സംസാരിച്ചു. പ്രവാസി വൈസ് പ്രസിഡന്റ് അഷ്റഫ് കൊടിഞ്ഞി അധ്യക്ഷത വഹിച്ചു. സി.സി അംഗങ്ങളായ എം.പി ഷഹ്ദാൻ സ്വാഗതവും ശിഹാബ് കുണ്ടൂർ നന്ദിയും പറഞ്ഞു.
![]()
