കോഴിക്കോട്: കോഴിക്കോട്ടെ ചാലിയാറിൻ്റെ തീരത്ത് നടക്കുന്ന റിയാദ് ഡയസ്പോറയുടെ ചിത്രങ്ങൾ പകർത്താൻ ജബ്ബാർ പൂവ്വാർ എന്ന ജബ്ബാർ മാമൻ എത്തും റിയാദിൻ്റെ ഫോട്ടോഗ്രാഫർ എന്നാണ് ജബ്ബാർ മാമനെ റിയാദുകാർ വിളിച്ചിരുന്നത്. ഫോട്ടോഗ്രഫി പ്രൊഫഷൻ അല്ലെങ്കിലും ഫോട്ടോ എടുക്കുന്നതിനോടുള്ള മുഹബത്ത് കൊണ്ട് റിയാദിൻ്റെ അനക്കങ്ങളെ തൻ്റെ മൊബൈൽ ഫോൺ കാമറയിൽ പകർത്തി മാമൻ നൽകുകയായിരുന്നു. ഇതിനായി വർഷംതോറും മുന്തിയ ഫോണുകൾ മാമൻ വാങ്ങിയിരുന്നു. പ്രതിഫലം കൈപ്പറ്റാതെ റിയാദിൽ നടക്കുന്ന ചെറുതും വലുതുമായ നിരവധി പരിപാടികളുടെ ആയിരകണക്കിന് ഫോട്ടോകൾ മാമൻ പകർത്തിയിട്ടുണ്ട്. റിയാദില ഒട്ടുമിക്ക വ്യക്തികളുടെയും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കാണുന്ന ഫോട്ടോകൾ ജബ്ബാർ മാമൻ്റെ കാമറ കണ്ണുകൾ ഒപ്പി എടുത്തതാണ്. 36 വർഷം നീണ്ടുനിന്ന പ്രവാസത്തിൻ്റെ ഏറിയ കൂറും റിയാദിൽ ചെലവഴിച്ച ജബ്ബാർ മാമൻ ഒരു വർഷം മുമ്പാണ് പ്രവാസം അവസാനിപ്പിച്ച് സ്വദേശമായ തിരുവനന്തപുരം ജില്ലയിലെ പൂവ്വാറിലേക്ക് മടങ്ങിയത്. തൻ്റെ പഴയ സുഹൃത്തുക്കളെ വർഷങ്ങൾക്ക് ശേഷം കാണുന്നതിനും റിയാദ് ഡയസ്പോറയുടെ ഫോട്ടോകൾ പകർത്തുന്നതിനുമായിട്ടാണ് ജബ്ബാർ മാമൻ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്തിയത്. പതിറ്റാണ്ടുകൾ പഴക്കമുള്ള പല സുഹൃത്തുക്കളെയും വീണ്ടും നേരിൽ കാണാൻ റിയാദ് ഡയസ്പോറയിലൂടെ കഴിയും എന്നതിൽ സന്തോഷമുള്ളതായി ജബ്ബാർ മാമൻ ജി സി സി ടൈംസിനോട് പറഞ്ഞു.
![]()
