*ശ്രീകുമാരി അശോകൻ*
അഗ്നിച്ചിറകു വിടർത്തിയെൻ ഭാവന
അക്ഷര ലോകത്തിലെത്തി
അക്ഷയമാമതിൻ അർത്ഥതലങ്ങളെ
അഗ്നിസ്ഫൂടം ചെയ്തെടുത്തു മെല്ലെ
ഇനിയും എഴുതാത്ത കവനങ്ങളെന്നുള്ളിൽ
ഇമ തോരാതെ കരഞ്ഞു.
ഇടനെഞ്ചിലുറയുന്നു അവയുടെ വേദന
ഇടവമാസ പെരുമഴപോലവേ.
ഉരുൾപൊട്ടിയൊഴുകുന്നു കാവ്യശിലകളെൻ
ഉൾത്തടശൈലത്തിൽ നിന്നും
ഉയിരറ്റുപോകാതെ അവയെ ഇന്നെന്റെ
ഉൾക്കമലത്തിലൊളിച്ചു വച്ചൂ
ഋതു ചക്രവർത്തിനി ഏകിയ കവനങ്ങൾ
ഋതുമതിയാമൊരു പെൺകൊടിയായ്
ഋതുരാഗം പാടിയാ നവകീർത്തനങ്ങൾ
ഋതു വസന്തം തീർത്തെന്നുള്ളിനുള്ളിൽ
എന്നിലെ കവിത കിളികുഞ്ഞു പിന്നെയും
എന്തിനോ വേണ്ടിയലഞ്ഞു…
എവിടെയോ പോയി മറഞ്ഞയെൻ കവിതയെ
എന്നിനി കാണും ഞാൻ വീണ്ടും…
ഒന്നിനി കാണുവാൻ, വരികളെ ഓർക്കുവാൻ
ഓർമ്മതൻ താളത്തിൽ ഊയലാട്ടാൻ
ഓരോ വരിയുമെൻ നെഞ്ചോടു ചേർക്കുവാൻ
ഓമനിക്കാനിന്നും മോഹമേറെ…
![]()
