കൊൽക്കത്ത: മുതിർന്ന സിപിഎം നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചര്യ അന്തരിച്ചു. 80 വയസ്സായിരുന്നു. ന്യൂമോണിയ ബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 11 വർഷം പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു.
1966ലാണ് ബുദ്ധദേവ് ഭട്ടാചാര്യ സി.പി.എം അംഗമായത്. 1968ല്‍ ഡി.വൈ.എഫ്.ഐ പശ്ചിമബംഗാള്‍ സംസ്ഥാന ഘടകത്തിന്റെ സെക്രട്ടറിയായി. 1971ല്‍ സി.പി.എം പശ്ചിമബംഗാള്‍ സംസ്ഥാന കമ്മിറ്റി അംഗമായും, തുടര്‍ന്ന് 1982ല്‍ സംസ്ഥാന സെക്രേട്ടറിയറ്റിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1985ല്‍ കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയും 2000ല്‍ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു.
1977ല്‍ പശ്ചിമ ബംഗാളില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് മന്ത്രിയായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1987-ല്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്സ് മന്ത്രിയായി. തുടര്‍ന്ന് 1996ല്‍ സംസ്ഥാന ആഭ്യന്തര മന്ത്രിയും. 1999ല്‍ ഉപ മുഖ്യമന്ത്രിയുമായി. 2007ലെ നന്ദിഗ്രാം വെടിവെപ്പില്‍ 14 പേര് കൊല്ലപ്പെടാനിടയായ സംഭവത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേബ് ഭട്ടാചാര്യ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. ഭാര്യ: മീര ഭട്ടാചാര്യ. മകന്: സുചേതന്‍ ഭട്ടാചാര്യ. ലളിതമായ ജീവിതശൈലി പിന്തുടര്ന്നയാളായിരുന്നു ബുദ്ധദേബ്.
![]()
