ജനസാഗരമായി അറഫ

സൗദി അറേബ്യ: മിനയിൽ നിന്ന് അറഫയിലേക്ക് പാൽ കടൽ ഒഴികി എത്തുന്ന പോലെ ഹാജിമ്മാർ ഒഴുകി എത്തുകയാണ്. അറഫയുടെ അന്തരീക്ഷം തക്ബീർ ധ്വനികളാൽ ഭക്തിസാന്ദ്രമാണ്. എവിടെയും നിറകണ്ണുകളോടെ ആകാശത്തേക്ക് കൈകളുയർത്തി ചങ്ക് പിടഞ്ഞ് ശബ്ദമിടറി പ്രാർത്ഥിക്കുന്ന ഹാജിമ്മാർ. അറഫയിലെ മനോഹര കാഴ്ചകൾ….ഒന്നല്ല ലക്ഷോപ ലക്ഷം ഹാജിമ്മാർ. 162 രാജ്യങ്ങളിൽ നിന്നായി 21 ലക്ഷത്തോളം ഹാജിമ്മാർ ഇന്ന് അറഫ എന്ന പുണ്യ നഗരിയിൽ സമ്മേളിക്കുകയാണ്.

ലോക മഹാ സംഗമം എന്ന് തന്നെ പറയാം. ഹജ്ജിന്റെ മർമ്മ പ്രധാന കർമ്മമായ അറഫ ദിനം ഇന്നാണ്. ഹജ്ജിനെത്തിയ മുഴുവൻ ഹാജിമാരും അറഫയിൽ എത്തും. അത് വെന്റിലേറ്ററിൽ കഴിയുന്ന ഹാജിമ്മാരാണെങ്കിൽ കൂടി ഇവിടെ എത്തുക എന്നത് നിർബന്ധമാണ്. ‘അറഫ ഇല്ലാത്തവന് ഹജ്ജില്ല’ എന്ന പ്രവാചക വചനം ഇതിന് ശക്തി കൂട്ടുന്നു. അറഫയിലെ പ്രശസ്തമായ നമിറ പള്ളിയിൽ ഇന്ന് ഉച്ചക്ക് നടക്കുന്ന അറഫ പ്രസംഗം വീക്ഷിക്കുവാൻ ലോകം കാത്തിരിക്കുകയാണ്. അറഫ സംഗമ ശേഷം ഇന്ന് ഹാജിമ്മാർ മുസ്ദലിഫയിൽ രാപ്പാർത്ത് നാളെ പുലർച്ചയോട് കൂടി മിനയിലേക്ക് മടങ്ങും.
![]()
