വയനാട് :കഴിഞ്ഞ അഞ്ചു ദിവസങ്ങളായി വയനാട് ദുരന്തത്തിൽ കാണാതായവർക്കു വേണ്ടി തിരച്ചിൽ നടക്കുന്നതിനിടക്ക് ഒഴുകി വന്ന കൈയ്യിൽ കണ്ട മോതിരം വഴി ജിഷയെ തിരിച്ചറിഞ്ഞു.ചാലിയാർ പുഴയിൽ തിരച്ചിലിനിടയിൽ ആണ് മുരുകൻ എന്ന് പേരെഴുതിയ മോതിരം ധരിച്ച ഒരു കൈ ഒഴുകി വന്നത്.അങ്ങനെ ഭർത്താവിന്റെ പേരെഴുതിയ മോതിരം വഴി ജിഷ മരണപ്പെട്ടതായി സ്ഥിതീകരിച്ചു.
നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾ ജിഷയുടെ കൈ ഏറ്റെടുക്കും.
കൈവിരലിൽ മുരുകൻ എന്ന് പേരെഴുതിയ മോതിരം കണ്ടതിനെ തുടർന്ന് നിലമ്പൂർ പോലീസ് മേപ്പാടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോടഞ്ചേരിയിൽ നിന്ന് പിതാവ് രാമസാമിയും ബന്ധുക്കളും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്.ഭർത്താവിന്റെ പേരെഴുതിയ മോതിരം കണ്ട് കൈ ജിഷയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിയുകയും ചെയ്തു. ദുഃഖം ഉള്ളിലൊതുക്കി ജിഷയുടെ കൈ ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കുകയാണ് ബന്ധുക്കൾ.
കോടഞ്ചേരി സ്വദേശിയായ ജിഷയെ വയനാട് ചൂരൽമലയിലെ മുരുകനാണ് വിവാഹം ചെയ്തത്. മുരുകനും മാതാവ് തങ്കമ്മയും മകൻ അക്ഷയും ഒന്നിച്ചാണ് താമസം. ഇവർ നാല് പേരെയും ഉരുളെടുത്തു. വീടും നാമാവശേഷമായി. അക്ഷയിന്റെ മൃതദേഹം മാത്രമാണ് ലഭിച്ചത്. ഇവരുടെ സമീപം താമസിച്ചിരുന്ന മുരുകന്റെ സഹോദരൻ രാജൻ, ഭാര്യ വിനീത എന്നിവരും ദുരന്തത്തിൽപ്പെട്ടു. രാമസാമിക്കൊപ്പം അമ്മാവൻ സുരേഷ്, അയൽവാസി ജോയി എന്നിവരും ജിഷയുടെ കൈ തിരിച്ചറിയാൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിയിരുന്നു.
![]()
