വയനാട് : ചൂരൽമല ഉൾപ്പെടെ വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സഹോദരിയും എ.ഐ.സി.സി ജനറൽസെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും സന്ദർശിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങളും പുനരധിവാസങ്ങളും സൂക്ഷ്മമായി വിലയിരുത്തുകയാണ്. ആവശ്യമുള്ള എല്ലാവർക്കും സഹായം ഉറപ്പുവരുത്തുമെന്നും ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും എല്ലാവരും ഒരുമിച്ച് കൈകോർത്ത് ചേർന്നുനിൽക്കേണ്ട സമയമാണെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ആവർത്തിക്കുന്ന ഉരുൾപൊട്ടലും പ്രകൃതി ക്ഷോഭങ്ങളും ആശങ്കയുണ്ടാക്കുന്നതാനെന്നും ഇത് തടയാൻ സഗ്രമായ കർമ പദ്ധതി ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
സൈന്യം പണിത താത്കാലിക പാലം വഴി ചൂരൽമലയിലേക്കാണ് രാഹുലും പ്രിയങ്കയും ആദ്യം എത്തിയത്. . അതിന് ശേഷം മേപ്പാടിയിലെ ക്യാമ്പുകളിൽ സമയം ചെലവഴിച്ചു. തുടർന്ന് സെന്റ് ജോസഫ് സ്കൂളിലും ശേഷം വിംസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരെ കണ്ട് ആശ്വസിപ്പിച്ചു. വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ തികഞ്ഞ സംതൃപ്തിയും നന്ദിയും പ്രകടിപ്പിച്ച രാഹുലും പ്രിയങ്കയും ഇന്ന് വയനാട്ടിൽ തങ്ങുമെന്നാണ് വിവരം.
കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ എം.പി, ഇ.ടി മുഹമ്മദ് ബഷീർ എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, കൽപ്പറ്റ എം.എൽ.എ അഡ്വ. ടി സിദ്ദിഖ് തുടങ്ങി വിവിധ ജനപ്രതിനിധികളും പ്രതിപക്ഷ നേതാവിനോടൊപ്പമുള്ള സംഘത്തിലുണ്ടായിരുന്നു.
![]()
