ഒറ്റപ്പെട്ട് മുണ്ടക്കൈയും അട്ടമലയും,ദുരന്തത്തിന്റെ വ്യാപ്തി തിട്ടപ്പെടുത്താനാവാത്ത തരത്തിലുള്ള ദുരന്തം
വയനാടിന്റെ മുണ്ടക്കൈ, ചുരല്മേഖലയില് ഉണ്ടായ ഉരുള്‍പൊട്ടല്‍ നടന്ന് 10 മണിക്കൂര്‍ കഴിയുമ്പോഴും ദുരന്തത്തിന്റെ വ്യാപ്തി പോലും തിട്ടപ്പെടുത്താനാവാതെ നാട്ടുകാര്‍.
ശക്തമായ മലവെള്ളപ്പാച്ചില്‍ കാരണം 200 മീറ്റര്‍ അകലെ മണ്ണില്‍ പെട്ടുപോയ ആളെ പോലും രക്ഷിക്കാനാവാത്ത അവസ്ഥയിലാണ് നാട്ടുകാരും രക്ഷാ പ്രവര്‍ത്തകരും. വിപരീത കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്ററുകള്‍ക്ക് ഇതുവരെ അവിടെ എത്താന്‍ കഴിഞ്ഞിട്ടില്ല.
ശരീരത്തിന്റെ പാതിയോളം ചെളിയില്‍ പുതഞ്ഞ്, ജീവനുവേണ്ടി നിലവിളിക്കുന്ന മനുഷ്യന്. മനസാക്ഷി മരവിപ്പിക്കുന്ന ദൃശ്യങ്ങളാണ് വയനാട് മുണ്ടെക്കൈ – ചൂരല്‍മല ഭാഗത്തു നിന്നും പുറത്തുവരുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു മുണ്ടക്കൈഭാഗത്ത് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയ്ക്കും നാല് മണിക്കും ഇടയില്‍ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രണ്ട് തവണയാണ് ഉരുള്‍പൊട്ടിയത്.
വയനാട് ദുരന്തത്തിന്റെ ആഘാതം ഊഹിക്കാന്‍പോലും കഴിയാത്തത്; മൃതദേഹങ്ങള്‍ ലഭിക്കുന്നത് കിലോമീറ്റുകള്‍ അകലെനിന്ന്
മുണ്ടക്കൈയ്യില്‍ നിന്ന് തുടങ്ങിയ ഉരുള്‍പ്പൊട്ടല്‍ രണ്ട് കിലോ മീറ്റര്‍ മാറിയുള്ള ചൂരല്‍മല എന്ന ചെറു ടൗണിനെ ഏകദേശം പരിപൂര്‍ണമായി തന്നെ ഇല്ലാതാക്കിയാണ് കടന്നു പോയത്. കനത്തമഴ പെയ്ത രാത്രിയില്‍ എന്താണ് സംഭവിച്ചതെന്ന് പോലും മനസിലാക്കും മുന്‍പാണ് ദുരന്തം ഉറ്റവരെയും നാട്ടുകാരെയും കവര്‍ന്ന് കടന്നുപോയത്. കനത്തമഴയും ഇരുട്ടിലും കഴുത്തറ്റം ചെളിയില്‍ മുങ്ങിയ ഒരു രാത്രി കടന്നു പോയപ്പോഴും ദുരന്തത്തിന്റെ വ്യാപ്തി പോലും മനസ്സിലാക്കാന്‍ പലര്‍ക്കും സാധിച്ചില്ല. സാധാരണക്കാരും തോട്ടം തോഴിലാളികളും പാര്‍ക്കുന്ന സ്ഥലമാണ് ചൂരല്‍മല.
ചൂരല്‍ മല സ്കൂളിനോട് ചേര്‍ന്ന് ഒഴുകുന്ന പുഴയിലുടെ എത്തിയ മലവെള്ളപ്പാച്ചിലില്‍ രണ്ടായി പിരിഞ്ഞൊഴുകി. സ്കൂളിന്റെ പകുതിയോളം ഭാഗം വെള്ളത്തിനടിയിലായി. ഹാരിസണ്‍സ് തേയില എസ്റ്റേറ്റ് കമ്പനിയുടെ സ്ഥലമാണ് ചൂരല്‍മലയിലെ ഭൂരിഭാഗവും. എത്രപേര്‍ മരിച്ചെന്നോ എത്രപേര്‍ കാണാതായന്നോ നിലവില്‍ യാതൊരു ധാരണയുമില്ലാത്ത അവസ്ഥയാണ്.
ഒറ്റപ്പെട്ട് മുണ്ടക്കൈ, ചാലിയാർ പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നു, നിസഹായരായി നാട്ടുകാർ; രക്ഷാപ്രവർത്തനം സാധ്യമാക്കാൻ സമാന്തര പാലം നിർമിക്കും
ഇപ്പോഴും ചൂരല്‍മല കേന്ദ്രീകരിച്ച് മാത്രമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഉരുള്‍പ്പൊട്ടലിന്റെ കേന്ദ്രമെന്ന് കരുതുന്ന മുണ്ടക്കൈ ഭാഗത്തേക്ക് ആര്‍ക്കും കടന്നു ചെല്ലാന്‍ കഴിഞ്ഞിട്ടില്ല. ഇങ്ങോട്ടേക്കുള്ള എക പാതയിലെ പാലം പൂര്‍ണമായും ഒലിച്ചുപോയ നിലയാണ്. താത്കാലിക പാലം നിര്മ്മിച്ചുള്പ്പെടെ പ്രദേശത്തേക്ക് എത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. സൈന്യം എത്തിയാല്‍ മാത്രമേ മുണ്ടക്കൈയിലേക്ക് എത്താന്‍ സാധിക്കൂ. ചെമ്പ്ര, വെള്ളരി മലകളില്‍ നിന്നായി ഉല്‍ഭവിക്കുന്ന പുഴയുടെ തീരത്താണ് ഈ രണ്ട് സ്ഥലവും.
മേപ്പാടിചൂരല്മലയിലും മുണ്ടക്കൈ ടൗണിലും ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ ഇതുവരെ ഏകദേശം 42 പേരുടെ മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത് എന്ന് അറിയുന്നു….
ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണിത്. എഴുപതോളം പേര് രണ്ട് ആശുപത്രികളിലുമായി ചികിത്സയിലാണ്. ഇനിയും ഒരു വിവരങ്ങളും പുറത്തുവരാത്ത മുണ്ടകൈയില്‍ നിന്നുള്ള വിവരങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
![]()
