തോൽവി അറിയാതെ 28 മത്സരങ്ങൾ പൂർത്തിയാക്കി വരുന്ന കൊളംമ്പിയയും നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയും നേർക്ക് നേർ. ജൂലൈ 14ന് ഫ്ലോറിഡയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ ആണ് മത്സരം.
കോപ്പ അമേരിക്ക ചരിത്രത്തിൽ കൊളംബിയയുടെ മൂന്നാം ഫൈനലാണ്. 2001 ൽ ആണ് കൊളംബിയ ഇതിനു മുൻപ് കോപ്പ അമേരിക്കൻ ചാംപ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചത്. അന്ന് കിരീടം സ്വന്തമാക്കി. കോപ്പയിൽ ഒരു തവണ മാത്രമാണ് കൊളംബിയ ചാംപ്യന്മാരായത്. 1975 ൽ ആയിരുന്നു കൊളംബിയയുടെ മറ്റൊരു ഫൈനൽ പ്രവേശം. അന്ന് ഫൈനലിൽ പരാജയപ്പെട്ടു.
അതേസമയം, ലയണൽ മെസി നയിക്കുന്ന അർജന്റീന 16 -ാം കോപ്പ അമേരിക്ക കിരീടം എന്ന ലക്ഷ്യത്തിനായാണ് കളത്തിൽ എത്തുന്നത്. നിലവിലെ ചാംപ്യന്മാരായ അർജന്റീന കോപ്പ അമേരിക്കയിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോഡ് ഉറുഗ്വെയുമായി പങ്കിടുകയാണ്. ഇത്തവണ ചാംപ്യന്മാരായാൽ ലയണൽ മെസിക്കും സംഘത്തിനും ഏറ്റവും കൂടുതൽ കോപ്പ എന്ന റെക്കോഡ് കുറിക്കാം. മാത്രമല്ല, തുടർച്ചയായി മൂന്ന് രാജ്യാന്തര കിരീടങ്ങൾ എന്ന നേട്ടത്തിലും അർജന്റീനയ്ക്ക് എത്താനുള്ള സാഹചര്യമുണ്ട്. 2021 കോപ്പ അമേരിക്ക, 2022 ഫിഫ ലോകകപ്പ് കിരീടങ്ങൾ ഇതിനോടകം അർജന്റീന സ്വന്തമാക്കി.
2014 ഫിഫ ലോകകപ്പ് ഫൈനൽ മുതൽ അർജന്റീനയുടെ ആറാമത് രാജ്യാന്തര ഫൈനലാണ് ഇത്തവണത്തെ കോപ്പ. 2014 ഫിഫ ലോകകപ്പ്, 2022 ഫിഫ ലോകകപ്പ് ഫൈനലുകൾ കളിച്ച അർജൻറീന, 2015, 2016, 2021 കോപ്പ അമേരിക്ക ഫൈനലുകളിലും ഇതിനോടകം കളിച്ചു. 16 -ാം കോപ്പ അമേരിക്ക ട്രോഫി എന്ന അർജന്റൈൻ സംഘത്തിന്റെ സ്വപ്നത്തിന് ജയിംസ് റോഡ്രിഗസിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന കൊളംബിയ തുരങ്കം വെയ്ക്കുമോ എന്ന് അറിയാനാണ് ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്നത്.
![]()
