അബുദാബി: യു എ ഇ യിൽ കുട്ടികളിലെ ആദ്യ കരൾ മാറ്റ ശസ്ത്രക്രീയ നടന്നു. നാല് വയസുകാരി റസിയ ഖാന് അച്ഛൻ ഇമ്രാൻ ഖാനാണ് സ്വന്തം കരൾ പകുത്തു നൽകിയത്. ഇന്ത്യയിലെ ഹൈദരാബാദിൽ നിന്നും യുഎഇ യിൽ പതിനാലു വർഷങ്ങൾ മുമ്പ് എത്തിയതാണ് റസിയയുടെ കുടുംബം.ഇതേ രോഗം കാരണം ആദ്യ കുട്ടിയെ ഈ ദമ്പതികൾക്ക് നഷ്ടമായിരുന്നു. അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി) ആണ് കരൾമാറ്റ ശസ്ത്രക്രിയ നടന്നത്. കുട്ടികളിലെ ആദ്യ ലിവർ ട്രാൻസ്പ്ലാൻറ് സ്വീകർത്താവായ റസിയ അപൂർവ കരൾ രോഗത്തെയാണ് കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ അതിജീവിച്ചത് എന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൽ പറയുന്നു.
പ്രോഗ്രസീവ് ഫാമിലിയൽ ഇൻട്രാഹെപാറ്റിക് കൊളസ്റ്റാസിസ് ടൈപ്പ് 3 എന്ന അപൂർവമായ ജനിതക കരൾ രോഗം വെല്ലുവിളിയായി റസിയയുടെ ജീവിതത്തിൽ എത്തിയത് ജനിച്ചു മൂന്നാം മാസമാണ്. ജനിതക മാറ്റം മൂലമുണ്ടാകുന്ന ഈ അവസ്ഥ പിത്തരസത്തിലെ ആസിഡുകളുടെയും മറ്റു ഘടകങ്ങളുടെയും രൂപീകരണത്തിലും സ്രവണത്തിലും അസാധാരണത സൃഷ്ടിക്കുന്നതിലൂടെ ആത്യന്തികമായി കരളിന് കേടുപാടുകൾ വരുത്തും. വളർച്ച മുരടിക്കൽ, കരൾ സംബദ്ധമായ സങ്കീർണതകൾ എന്നീ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ഈ അവസ്ഥയെ മറികടക്കാനുള്ള ഏക മാർഗം കരൾ മാറ്റിവയ്ക്കൽ മാത്രമായിരുന്നു.
![]()
