ന്യൂഡൽഹി :ആലപ്പുഴ ലോക്സഭാ മണ്ഡല പരിധിയിലെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുമായി കെ സി വേണുഗോപാൽ എം പി ചർച്ച നടത്തി.
മണ്ഡലത്തിലെ ഹൈവേയുമായുള്ള വിഷയങ്ങൾ ഉൾക്കൊള്ളിച്ചുള്ള നിവേദനവും നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ ഉന്നയിച്ച പ്രശ്നങ്ങൾ പഠിക്കാനും പരിഹാര നടപടികൾക്കുമായി ദേശീയ പാത അതോറിറ്റി അംഗം വെങ്കട്ട രമണയെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.
അരൂർ – തുറവൂർ, ചേർത്തല, അമ്പലപ്പുഴ, കായംകുളം, ഓച്ചിറ, കരുനാഗപ്പളി തുടങ്ങിയ പ്രദേശങ്ങളിലുൾപ്പെടെ ദേശീയപാത പുനർനിർമാണവുമായി ബന്ധപ്പെട്ടുള്ള പൊതുവായ പരാതികൾ എം പി അടക്കമുള്ളവരുമായി ബന്ധപ്പെട്ട് പരിശോധിച്ച് മന്ത്രാലയത്തിന് റിപ്പോർട്ട് നൽകാനും മന്ത്രി ഉദ്യോഗസ്ഥന് നിർദേശം നൽകിയിട്ടുണ്ട്.
നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശവാസികളും യാത്രക്കാരും നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളാണ് ഇന്ന് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കായംകുളത്ത് നിർമാണപ്രവർത്തങ്ങൾ 50 ശതമാനത്തോളം പുരോഗമിച്ചതിനാൽ നിലവിലുള്ള പ്ലാനിൽ മാറ്റം വരുത്തിയാൽ റീ ടെൻഡർ ചെയ്യേണ്ടി വരും. റീടെൻഡർ ചെയ്യുന്നത് കാലതാമസത്തിനിടയാക്കുമെന്നതിനാൽ അത് പ്രായോഗികമല്ലെന്ന നിലപാടാണ് യോഗത്തിൽ ദേശീയപാത ഉദ്യോഗസ്ഥർ സ്വീകരിച്ചത്. എന്നാൽ കായംകുളം നഗരത്തെ രണ്ടായി കീറിമുറിച്ചുകൊണ്ടുള്ള ഉയരപാതാ നിർമാണം അംഗീകരിക്കാനാവില്ലെന്ന് എം പി ചർച്ചയിൽ വ്യക്തമാക്കി.ജനകീയ പ്രക്ഷോഭങ്ങളും സമരങ്ങളും കായംകുളത്തു നടന്നുവരുന്നതിനാൽ തന്നെ ജനാഭിലാഷം കാണാതിരിക്കാനാവില്ല. പ്രദേശവാസികളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോകാനാകില്ല എന്ന കാര്യം മന്ത്രിയെയും ധരിപ്പിച്ചിട്ടുണ്ടന്ന് കെ സി വേണുഗോപാൽ പറഞ്ഞു.
കരുനാഗപ്പള്ളിയിൽ നിർമിക്കുന്ന ഉയരപാതയുടെ നീളം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ജംഗ്ഷൻ വരെ നീട്ടുക, അമ്പലപ്പുഴയിൽ പില്ലർ എലവേറ്റഡ് ഉയരപാത, ചേർത്തല അർത്തുങ്കൽ ജംഗ്ഷൻ വരെ നിർമിക്കുന്ന ഉയരപാത ആഹ്വാനം ജംഗ്ഷൻ വരെ നീട്ടുക, മതിലകം ആശുപത്രി ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ്, ചേർത്തല ആഹ്വാനം ജംഗ്ഷനിലും വല്ലയിൽ ഭാഗം, വവ്വാക്കാവ്, ഓച്ചിറ എന്നിവിടങ്ങളിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാന് അടിപ്പാത നിർമിക്കുക എന്ന ആവശ്യങ്ങളും ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ട്.അരൂർ – തുറവൂർ ഉയരപാത നിർമാണത്തോടനുബന്ധിച്ചുണ്ടായിരിക്കുന്ന ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കാനും പഴയ ദേശീയ പാതയുടെ ശോചനീയമായ അവസ്ഥ പരിഹരിച്ച് ഗതാഗത യോഗ്യമാക്കാനും വേണ്ട അടിയന്തര ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രാലയത്തിലെയും ദേശീയ പാത അതോറിറ്റിയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച.
![]()
