റിയാദ്: രണ്ടു സൗദി പൗരൻമാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ മൂന്നു വർഷത്തോളം സൗദി ജയിലിൽ കഴിയുകയും ശേഷം ജാമ്യം ലഭിക്കുകയും ചെയ്ത വിപിൻ എട്ടുവര്‍ഷത്തിനു ശേഷം മോചിതനായി. തിരുവനന്തപുരം പോത്തൻകോട് അരിയക്കോട് സ്വദേശി വിപിൻ (38) ആണ് ഒടുവിൽ മോചനം ലഭിച്ചത്. റിയാദിൽ നിന്ന് 300 കിലോമീറ്റർ അകലെ ദവാദ്മിയിലായിരുന്നു സംഭവം. വിപിൻ ഓടിച്ചിരുന്ന വെള്ളം വിതരണം ചെയ്യുന്ന ലോറി സ്വദേശികൾ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വാഹനാപകടത്തിൽ മരിച്ചവർക്കുള്ള നഷ്ടപരിഹാരമായി 50 ലക്ഷം ഇന്ത്യൻ രൂപക്ക് തുല്യമായ മോചനദ്രവ്യം മരണപ്പെട്ടവരുടെ അനന്തരാവകാശികൾക്ക് നൽകാൻ കോടതി ഉത്തരവിട്ടു. ഇത് നൽകാൻ കഴിയാതെ വന്നപ്പോൾ വിപിൻ മൂന്ന് വർഷം ദവാദ്മിയിലെ ജയിലിൽ കഴിഞ്ഞു. വിവരമറിഞ്ഞ സാമൂഹിക പ്രവർത്തകൻ ഹുസൈൻ ദവാദ്മി വിഷയത്തിൽ ഇടപെടുകയും വിപിന്‍ വേണ്ടി ആൾജാമ്യം നിൽക്കാൻ ഹുസൈൻ തയ്യാറാവുകയും ഒടുവിൽ ജാമ്യം ലഭിക്കുകയുമായിരുന്നു. തുടർന്ന് നടന്ന നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിൽ മരണപ്പെട്ട ഒരാളുടെ കുടുംബം ദിയാ ധനം ഒഴിവാക്കി കൊടുക്കുകയും മറ്റൊരാളുടെ കുടുംബത്തിനുള്ള ഒന്നര ലക്ഷം റിയാൽ സൗദി ഭരണകൂടം (തൻഫീത്) നൽകുകയുമായിരുന്നു. നിയമ നടപടികൾക്ക് ശേഷം കഴിഞ്ഞ ദിവസം ഹുസ്സൈൻ ദവാദ്മിയും ദവാദ്മി ഹെൽപ് ഡെസ്ക്കും ഐ.സി.എഫ്ന്റെയും ശ്രമഫലമായി ഫൈനൽ എക്സിറ്റ് ലഭിക്കുകയും ചെയ്തു. ഈ ആഴ്ചതന്നെ വിപിൻ നാടണയുമെന്നു ഹുസൈൻ ദവാദ്മി പറഞ്ഞു.
![]()
