കണ്ണൂർ :അനവധി ജീവനുകൾ നിലനിർത്താൻ രക്തം പകർന്ന് നൽകുന്ന സേനയുടെ നായകനെ തേടി ആദരവ്.
ബ്ലഡ് ഡോണേർസ് കേരളയുടെ സൗദി ഘടകം സെക്രട്ടറിയും കേരള ഘടകം സംസ്ഥാന നിർവ്വാഹക സമിതി അംഗവും ജീവകാരുണ്യ പ്രവർത്തകനുമായ കണ്ണൂർ സ്വദേശി ഫസൽ ചാലാടിന് നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ്സിന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ്.
കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിന്നും ആദരവ് ഏറ്റ് വാങ്ങിയ ഫസൽ കൂടുതൽ സമയം ഇനിയും സഹ ജീവികൾക്കായി കണ്ടെത്തുമെന്നും ബി.ഡി.കെ എന്ന പ്രസ്ഥാനത്തോടൊപ്പം ഉണ്ടാവുമെന്നും ജി സി സി ടൈംസ്നോട് പറഞ്ഞു.

രക്തദാന മേഖലയിൽ സന്നദ്ധ രക്തദാന ബോധവൽക്കരണ ക്ലാസുകൾ കോളേജ് തലങ്ങളിൽ നൽകി വരുന്ന ഈ കാരുണ്യ പ്രവർത്തകൻ തന്റെ ബന്ധങ്ങൾ മുറുകെ പിടിച്ചു കേരളത്തിലുടനീളം നാട്ടിൽ വരുന്ന അവധി ഇടവേളകളിൽ പോലും നാട്ടിലെ രക്താവശ്യങ്ങളും പരിഹരിക്കുന്നു.

20 വർഷത്തിലേറെയായി കാരുണ്യ പ്രവർത്തനങ്ങളും പാലിയേറ്റിവ് കെയറൂം അതുപോലെ ട്രൗമ കെയർ വളണ്ടിയറും പരിശീലകനുമായും പൊതു ജനങ്ങൾക്കായി സേവനം ചെയ്തു വരുന്നു.
അതിജീവനത്തിനായി പൊരുതുന്ന കേരളത്തിലെ കാൻസർ രോഗികളുടെ കൂട്ടായ്മയിൽ അവർക്കാവശ്യമായ മാനസിക സപ്പോർട്ടും ചികിത്സക്കാവശ്യമായ സഹായങ്ങളും ചെയ്തു വരുന്ന ഫസൽ
ദേശീയ മനുഷ്യവകാശ സംഘടനയുടെ (നാഷണൽ ഫോറം ഫോർ പീപ്പിൾ റൈറ്റ്സ്) കോ കോർഡിനേറ്ററായും കിടപ്പ് രോഗികളെ പരിചരിക്കുന്ന( pick ) എന്ന സംഘടനയുടെയും, മറ്റു ആരോഗ്യമേഘലയുമായി ബന്ധപ്പെടുന്ന സംഘടനകളുടെയും, ട്രസ്റ്റ്കളുടെയും ഭാഗമായി പ്രവർത്തിക്കുന്നു.

ലോക ചരിത്രത്തിൽ ഇടം പിടിച്ച കടൽ കടന്നു ബോംബെ ഗ്രൂപ്പ് രക്ത ദാതാക്കളെ സൗദിയിൽ കൊണ്ട് വന്നു സൗദി ബാലന് പുതു ജീവിതം നൽകാൻ നേതൃത്വം നൽകിയ ഈ നിസ്വാർത്ഥ കാരുണ്യ പ്രവർത്തകൻ സൗദിയിലെ ജീവകാരുണ്യ സംഘടനയായ പ്രവാസി മലയാളി ഫൗണ്ടേഷന്റെ സജീവ പ്രവർത്തകൻ കൂടിയാണ്.

കോഴിക്കോട് നിന്നും സൗദിയിലേക്കുള്ള യാത്രാ മദ്ധ്യേ ഫ്ലൈറ്റ്ൽ വെച്ചു ബോധരഹിതയായ സ്ത്രീയെ സി പി ആർ നൽകി ജീവൻ രക്ഷിച്ചത് അന്ന് വാർത്ത മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ സംഭവം ആയിരുന്നു.തനിക് ഒരു പരിചയവുമില്ലാത്ത സ്ത്രീയുടെ അസ്വസ്ഥത യാത്രക്കിടയിൽ ശ്രദ്ധയിൽ പെട്ടപ്പോൾ ക്യാബിൻ ക്രൂവിന്റെ അനുവാദത്തോടെ സധൈര്യം സി പി ആർ കൊടുക്കുകയും അവർ ചർദ്ദിച്ചപ്പോൾ അത് മുഴുവൻ സ്വന്തം കൈയ്യിൽ ഏറ്റുവാങ്ങിയ നിമിഷത്തിൽ ആ സ്ത്രീ മകനെ എന്ന് വിളിച്ചു വിതുമ്പിയത് സോഷ്യൽ മീഡിയയിൽ അനവധി പേര് വായിച്ചതാണ്.
![]()
