ദോഹ: സാഹിത്യകാരൻ കെ പി രാമനുണ്ണിക്ക് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറം സ്വീകരണം നൽകി
സാഹിത്യത്തെ മനുഷ്യന്റെ ആധുനിക കാലത്തിന്റെ കാവ്യം എന്ന് വിശേഷിപ്പിക്കാമെന്നും എല്ലാ കലകളുടെയും മാതാവാണ് സാഹിത്യമെന്നും മറ്റു കലകളില്‍ നിന്നും ലഭിക്കുന്ന ഇന്ദ്രിയ ചോദനകളും സംതൃപ്തികളും ആസ്വാദനങ്ങളുമെല്ലാം സാഹിത്യത്തിലൂടെ ലഭിക്കുന്നുവെന്നും അദ്ദേഹം സ്വീകരണ ചടങ്ങിൽ പറഞ്ഞു.
ചിത്രകലയില്‍ കാഴ്ചയുടെ രസമാണെങ്കില് സംഗീതം കേള്‍വിയാണ്, നൃത്തത്തിലൂടെ ചലനത്തിന്റെ ഭംഗി ലഭിക്കുന്നു.പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന എല്ലാ ചോദനകളും നമുക്ക് സാഹിത്യത്തിലൂടെ അനുഭവേദ്യമാക്കാന്‍ കഴിയും. സഹജീവിയുടെ മനസ്സില്‍ അല്ലെങ്കില്‍ ആത്മാവില്‍ കൂടി നമുക്ക് സഞ്ചരിക്കാന്‍ കഴിയും. മനുഷ്യന് മനുഷ്യത്വത്തിന്റേതായ സ്വഭാവം സൃഷ്ടിക്കുന്ന ഒരു പ്രവര്‍ത്തനം കൂടിയാണ് സാഹിത്യം. മനുഷ്യ ഭാഷയാണ് മനുഷ്യനെ ഒരു യഥാര്‍ഥ മനുഷ്യനാക്കുന്നത്. എഴുത്തിലൂടെ താന്‍ ചെയ്യുന്നത് ഒരു ചില്ലറ കാര്യമല്ലെന്നും മഹത്തരമായ ഒരു കര്‍മ്മമാണ് താന്‍ നിര്വഹിക്കുന്നതെന്നുമുള്ള ഗൗരവതരമായ ചിന്ത എഴുത്തുകാരന് ഉണ്ടാവേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഓതേഴ്സ് ഫോറം പ്രസിഡണ്ട് ഡോ. കെ സി സാബു അധ്യക്ഷത വഹിച്ചു. ഷംനാ ആസ്മി സ്വാഗതവും ഷംലാ ജാഫര്‍ നന്ദിയും പറഞ്ഞു. അന്‍സാര്‍ അരിമ്പ്ര, അഷറഫ് മടിയാരി, ഹുസൈന് വാണിമേല്‍, എം ടി നിലമ്പൂര്‍ തുടങ്ങിയവര്‍ യോഗം നിയന്ത്രിച്ചു.
കെ പി രാമനുണ്ണിക്ക് ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്സ് ഫോറത്തിന്റെ സ്നേഹാദരം പ്രസിഡണ്ട് സമ്മാനിച്ചു.
![]()
