പാരിസ്:ഇടവേളക്ക് ശേഷം കായിക ലോകത്തിന്റെ മറ്റൊരു ഉത്സവം എത്തുകയാണ്. സമ്മര്‍ ഒളിംപിക്സിന്റെ ആവേശത്തിലേക്ക് കായിക ലോകം ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂലൈ 26ന് ആരംഭിക്കുന്ന കായിക മാമാങ്കത്തിന് ആഗസ്റ്റ് 11നാണ് കൊടിയിറങ്ങുന്നത്. ഇത്തവണ ഫ്രാന്‍സാണ് ഒളിംപിക്സിന് ആതിഥേയരാവുന്നത്.
എന്തായാലും കായിക മാമാങ്കത്തെ വരവേല്‍ക്കാന്‍ എല്ലാവരും അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇത്തവണത്തെ ഒളിംപിക്സ് പതിവില്‍ നിന്ന് ചില വ്യത്യസ്തതയോടെയാണ് എത്തുന്നത്.ചരിത്രത്തിലാദ്യമായി ഒളിംപിക്സിന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഔട്ട്ഡോറായി സംഘടിപ്പിക്കുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ആരാധക പങ്കാളിത്തത്തോടെ ഉദ്ഘാടന ചടങ്ങുകള്‍ നടത്താനാണ് സംഘാടകര്‍ പദ്ധതിയിട്ടിരിക്കുന്നത്.
കലയും സാംസ്കാരിക പൈതൃകവും എല്ലാം പ്രതിഫലിക്കുന്ന വലിയ ഉദ്ഘാടന ചടങ്ങിനാണ് പാരിസ് തയ്യാറെടുക്കുന്നതെന്ന് പറയാം. ഇത്തവണ പാരിസിനെ ആസ്ഥാനമാക്കുകയും ഇവിടെനിന്ന് 10 കിലോമീറ്റര്‍ ദൂരത്തിനുള്ളില്‍ എല്ലാ വേദികളും തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും ചെറിയ ദൂരത്തിനുള്ളില്‍ എല്ലാ മത്സരവേദികളും വരുന്നത് ഇതാദ്യമായാണ്. ഇതോടൊപ്പം മത്സരം കാണാന്‍ വേദികളിലേക്കെത്താന്‍ പൊതുഗതാഗത സംവിധാനത്തില്‍ ടിക്കറ്റിന് ഇളവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഒളിംപിക്സില്‍ ചരിത്ര റെക്കോഡുകളിട്ടവരെയെല്ലാം വേദിയിലേക്കെത്തിക്കാന്‍ സംഘാടകര്‍ തീരുമാനിച്ചിട്ടുണ്ട്.യുവതാരങ്ങള്‍ക്ക് തങ്ങളുടെ റോള്‍ മോഡലുകളെ കാണാനുള്ള അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്. പഴയ ഇതിഹാസങ്ങള്‍ക്ക് ആദരവ് നല്‍കുകയും ചെയ്യുന്നുണ്ട്. ഇത് കൈയടി അര്‍ഹിക്കുന്ന തീരുമാനങ്ങളിലൊന്നാണെന്ന് പറയാം. ഇത്തവണത്തെ മറ്റൊരു പ്രധാന സവിശേഷത ലിംഗഭേദമില്ലാത്ത ഒളിംപിക്സാണെന്നതാണ്. കളിക്കളത്തില്‍ ലിംഗ തുല്യത കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ഒളിംപിക്സാണിതെന്നാണ് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി പറയുന്നത്.5250 പുരുഷന്മാരും അത്ര തന്നെ സ്ത്രീകളുമാണ് ഇത്തവണത്തെ ഒളിംപിക്സില്‍ പങ്കെടുക്കുന്നത്. മിക്ക ഒളിംപിക്സിലും പുരുഷന്മാരുടെ എണ്ണം കൂടുതലും സ്ത്രീകളുടെ എണ്ണം കുറവുമായിരിക്കും. എന്നാല്‍ ഇത്തവണ പങ്കാളിത്തത്തില്‍ സ്ത്രീകളുടേയും പുരുഷന്മാരുടേയും എണ്ണത്തില്‍ തുല്യത കൊണ്ടുവരാന്‍ പാരിസ് ഒളിംപിക്സിന് സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ഒളിംപിക്സിന്റെ മറ്റൊരു സവിശേഷത കൃഷിയെ പ്രോത്സാഹിപ്പിക്കുന്നുവെന്നതാണ്.
പ്രാദേശികമായി കൃഷിയെ പ്രോത്സാഹിപ്പിക്കുകയെന്നും ഇത്രയും വലിയ കായിക മാമാങ്കത്തിന് എങ്ങനെയാണ് ജൈവീകമായ വിഭവങ്ങള്‍ നിര്‍മ്മിച്ചെടുത്തതെന്നും ഒളിംപിക്സില്‍ ഉയര്‍ത്തിക്കാട്ടും. തികച്ചും വ്യത്യസ്തമായ ആശയങ്ങളിലൊന്നാണിതെന്ന് പറയാം. എന്തായാലും ഇത്തവണത്തെ ഒളിംപിക്സ് മികച്ച സംഘാടനംകൊണ്ട് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇനിയും വലിയ സര്‍പ്രൈസുകള്‍ കാത്തിരിക്കുന്നുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്. കൗതുകം പൊളിയാതിരിക്കാന്‍ ഇതിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.50000ത്തിന് മുകളില്‍ വാളണ്ടിയര്‍മാരെയാണ് ഒളിംപിക്സിനായി തയ്യാറാക്കിയിരിക്കുന്നത്. പാരിസ് ഒളിംപിക്സിനെത്തുന്ന ആരാധകര്‍ക്ക് ഫ്രാന്‍സിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കൃത്യമായി ഉപയോഗിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതു ഗതാഗത സംവിധാനത്തെ കൃത്യമായി ഇതിനായി പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങളും നടത്തിയിട്ടുണ്ട്.
എന്തായാലും ഇത്തവണത്തെ പാരിസ് ഒളിംപിക്സ് വ്യത്യസ്തമായ അനുഭവമായിരിക്കും കായിക പ്രേമികള്‍ക്ക് നല്‍കുകയെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയടക്കം പറയുന്നത്. എന്തായാലും കായിക മാമാങ്കം അത്യാഘോഷമായിത്തന്നെ പാരിസില്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം.
![]()
