ചരിത്രത്തിലാദ്യമായി ഇന്ത്യൻ ഹാജിമാർ ജിദ്ദ വിമാനത്താവളത്തിൽ നിന്ന് മക്കയിലേക്ക് അതിവേഗ ട്രെയിനിൽ യാത്ര ചെയ്തു. മുംബൈയിൽ നിന്നും സൗദി എയർലൈൻസ് വഴി ഇന്ന് ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം നമ്പർ ടെർമിനലിലെത്തിയ ആദ്യ സംഘമാണ് അൽ ഹറമൈൻ അതിവേഗ ട്രെയിനിൽ നേരിട്ട് മക്കയിലേക്ക് യാത്ര തിരിച്ചത്. ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളായി ഇന്ത്യൻ സ്ഥാനപതി ഡോ. സുഹെൽ അജാസ് ഖാനും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമും സൗദി അറേബ്യൻ റെയിൽവേ വൈസ് പ്രസിഡന്റ് എൻജിനീയർ ഖാലിദ് അൽ ഹർബി, സൗദി ഹജ്ജ്, ഗതാഗത മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരും പങ്കുചേർന്നു.
ഇന്ത്യയെ സംബന്ധിച്ച് മാത്രമല്ല, സൗദി അറേബ്യയെ സംബന്ധിച്ചും ജിദ്ദ വിമാനത്താവളത്തിൽ നിന്നും നേരിട്ട് മക്കയിലേക്ക് ട്രെയിനിൽ ഹാജിമാരെ എത്തിക്കുന്ന ആദ്യ അനുഭവമാണിതെന്ന് സ്ഥാനപതി പറഞ്ഞു. സാധാരണ രീതിയിൽ ജിദ്ദ വിമാനത്താവളത്തിൽ എത്തുന്ന മുഴുവൻ ഹാജിമാരും ഹജ്ജ് സേവന കമ്പനികൾ ഏർപ്പെടുത്തുന്ന ബസുകളിലായിരിക്കും മക്കയിലേക്ക് പോകുക.
![]()
