തൃശൂർ :രാജ്യത്ത് സി എ എ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാനാണെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തിനു വേണ്ടത് സ്നേഹവും ഐക്യവുമാണെന്നും വെറുപ്പും വിദ്വേഷവുമല്ല.ഇന്ത്യ മുന്നണി അധിലരത്തിൽ വന്നാൽ സി എ എ റദ്ദ് ചെയ്യും.ചാലക്കുടിയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക. ഇന്ത്യയുടെ ആത്മാവിനെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. രാജ്യത്തിന്റെ അടിത്തറകളെല്ലാം നാശത്തിന്റെ വക്കിലാണ്. ഇന്ത്യയിൽ നന്മയേക്കാൾ ബലാബലത്തിനാണ് പ്രധാന്യം. ജനാഭിപ്രായത്തെ മറികടന്നാണ് കേന്ദ്രസർക്കാർ രാജ്യത്ത് ഓരോ കാര്യവും നടപ്പാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘‘സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം ഈ സർക്കാരാണ് തീരുമാനിക്കുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവരെ സർക്കാർ സംരക്ഷിക്കുകയാണ്. മണിപ്പുരിലെ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തിയപ്പോൾ അവർക്കു വേണ്ടി സർക്കാർ ഒന്നും ചെയ്തില്ല. പക്ഷേ പ്രധാനമന്ത്രി സ്ത്രീസുരക്ഷയേപ്പറ്റി വാതോരാതെ സംസാരിക്കുകയാണ്. പ്രധാനമന്ത്രിയുടെ കുത്തക മുതലാളികളായ സുഹൃത്തുക്കൾക്കു വേണ്ടിയാണ് രാജ്യത്ത് നയങ്ങൾ രൂപീകരിക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളുമെല്ലാം പ്രധാനമന്ത്രിയുമായി അടുപ്പമുള്ളവരാണ് മുന്നോട്ടുകൊണ്ടു പോകുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
![]()
