മഞ്ചേരി: സ്കൂട്ടർ അപകടത്തിൽ മരണപ്പെട്ട കോഴിക്കോട് മെഡിക്കൽ കോളേജിലെ യുവ ഡോക്റ്ററും മോട്ടിവേഷൻ സ്പീക്കറുമായിരുന്ന ഫാത്തിമ തസ്കിയയുടെ മയ്യിത്ത് വൻജനാവലിയുടെ സാനിധ്യത്തിൽ ഖബറടക്കി. മയ്യിത്ത് നമസ്കാരത്തിനു മൂന്നു ദിവസത്തെ പരോളിന് തീഹാർ ജയിലിൽ നിന്ന് വന്ന പിതാവ് ഓ.എം.എ. സലാം നേതൃത്വം നൽകി. ‘‘23 വർഷം മുമ്പ് അല്ലാഹു ഞങ്ങളെ ഒരു അമാനത്ത് ഏൽപിച്ചു. അത് അല്ലാഹു തിരിച്ചെടുത്തിരിക്കുകയാണ്. അവൾ എന്നേക്കാൾ നന്നായി പഠിച്ചു, എന്നേക്കാൾ നന്നായി ഖുർആൻ പാരായണം ചെയ്തു. എന്നേക്കാൾ നന്നായെഴുതി, എന്നേക്കാൾ നന്നായി വരച്ചു. അവസാനം എന്നെക്കാൾ മുൻപ് ശഹീദായി. എന്നെ അവൾ തോൽപ്പിച്ചിരിക്കുകയാണ്” മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകവെ ഓ.എം.എ. സലാം വികാരാധീരനായി പറഞ്ഞു. കൽപറ്റയിൽ വാഹനാപകടത്തിൽ മരിച്ച മകളെ അവസാനമായി ഒരുനോക്ക് കാണാനാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാൻ ഓ.എം.എ. സലാം തീഹാർ ജയിലിൽ നിന്ന് മൂന്നു ദിവസത്തെ പരോളിന് എത്തിയത്. പിതാവിന്റെയും സഹോദരങ്ങളുടെയും അന്ത്യചുംബനമേറ്റുവാങ്ങി മഞ്ചേരി സെൻട്രൽ ജുമാ മസ്ജിദ് പള്ളി ഖബർസ്ഥാനിൽ മയ്യിത്ത് ഖബറടക്കി.
![]()
