കല്‍പ്പറ്റ: വയനാടിനെ ഇളക്കി മറിച്ച് രാഹുൽ ഗാന്ധിയുടെ റോഡ്ഷോ.
വയനാട് മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുഡിഎഫ് പ്രവര്‍ത്തകരെ ഇളക്കിമറിച്ചായിരുന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി എത്തിയ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. എ ഐ സി സി ജനറല്‍ സെക്രട്ടറി കൂടിയായ സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ അണിനിരന്നു.
കെ സി വേണുഗോപാല്‍, വി ഡി സതീശന് അടക്കമുള്ള നേതാക്കൾക്കൊപ്പം കളക്ട്രേറ്റിലേക്ക് എത്തിയ രാഹുൽ ജില്ലാ കളക്ടർ രേണുരാജ് മുമ്പാകെ പത്രിക സമർപ്പിച്ചു. മൂന്ന് സെറ്റ് പത്രികയാണ് രാഹുൽ സമർപ്പിച്ചിരിക്കുന്നത്.
വയനാട്ടിലെ ജനങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനായി എന്നും താൻ മുന്നിൽ തന്നെയുണ്ടാകുമെന്ന് പത്രിക സമർപ്പിച്ചുകൊണ്ട് രാഹുൽ വ്യക്തമാക്കി. വയനാടിന്റെ എംപി എന്നത് ഏറെ വലിയ ബഹുമതിയായാണ് താൻ കാണുന്നതെന്നും വയനാടിനെ അലട്ടുന്ന വന്യമൃഗ ശല്യമടക്കമുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണാൻ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണു ഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ബി വി ശ്രീനിവാസ്, യുവനേതാവ് കനയ്യ കുമാര്‍, കേരള കോണ്‍ഗ്രസ് നേതാവ് മോന്‍സ് ജോസഫ്, കല്പറ്റ എംഎല്‍എ ടി സിദ്ദിഖ് തുടങ്ങിയവര്‍ രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു.
![]()
