റിയാദ്: സൗദി അറേബിയയിലെ യാചകരെ കണ്ടെത്തുന്നതിനുള്ള പരിശോധന ഊർജ്ജിതമാക്കി സൗദി പൊതു സുരക്ഷാ വിഭാഗം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഇടങ്ങളിൽ പരിശോധന നടത്തി. ഇത്തരം നിയമ ലംഘകരെ പിടികൂടിയാൽ ആറുമാസം തടവും 50,000 റിയാൽ പിഴയും ചുമത്തും. കൂടാതെ വിദേശ യാചകരെ നാടുകടത്തും. ഇതിനു പുറമെ ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നവർക്കെതിരിൽ നടപടി സ്വീകരിക്കുമെന്നും പൊതു സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകി. സൗദിയിൽ റമദാൻ മാസമായതോടുകൂടി പള്ളികളിലും പൊതു നിരത്തിലും ഷോപ്പിംഗ് മാളുകളിലും ഭിക്ഷാടകർ വർധിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. യാചന രാജ്യത്തിന്റെ അന്തസ്സിനും യശസ്സിനും നിരക്കാത്തതാണെന്നും അതിനെ പ്രോത്സാഹിപ്പിക്കരുതെന്നും സുരക്ഷാ വിഭാഗം പറഞ്ഞു. പള്ളികളിൽ യാചന നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു.
![]()
