റിയാദ്: വിശുദ്ധ റമദാൻ ആഗതമായതോടെ വിശ്വാസികൾ പ്രത്യേകിച്ചു പ്രവാസികൾ ഏറെ സന്തോഷത്തിലാണ്. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളിൽ പള്ളികളും അംഗീകൃത ഏജൻസികളുടെ പ്രത്യേകം സജ്ജീകരിച്ച ഇഫ്താർ ടെന്ററുകളും നോമ്പ് തുറകൾക്കായി ഒരുങ്ങിക്കഴിഞ്ഞു.
ഇത്തരം ഇഫ്താർ ടെന്ററുകൾ പ്രവാസികൾക്ക് ഏറെ ആശ്വാസമാണ്. പതിനായിരക്കണക്കിന് പ്രവാസികളാണ് ഇത്തരം സജ്ജീകരിച്ച ഇഫ്താർ റെന്ററുകളിൽ നിന്ന് നോമ്പ് തുറക്കുന്നത്. അസർ നമസ്കാരം കഴിയുന്നതോടു കൂടി ഇഫ്താർ ടെന്ററുകൾ സജീവമാകും. സ്വദേശികളും വിദേശികളും ഒപ്പം വോളന്റീർമാരും നോമ്പ് തുറക്കുള്ള ഒരുക്കങ്ങളിൽ പങ്കാളികളാകും. പള്ളികൾക്ക് പുറത്തും മൈതാനങ്ങളിലും പ്രത്യേകം സജ്ജീകരിച്ച ഇടങ്ങളിലും ഇവർ സുപ്രകൾ വിരിക്കും. ഈന്തപ്പഴവും വിവിധ ജ്യൂസുകളും പഴവര്‍ഗങ്ങളും ഷുർബയും കൊണ്ട് സുപ്രകൾ നോമ്പുകാരെ വരവേൽക്കും. യാത്രക്കാരായ നോമ്പുകാർക്കും ഇത്തരം ഇഫ്താർ ടെന്ററുകൾ ആശ്വാസമാണ്. മഗ്രിബ് ബാങ്ക് വിളി മുഴങ്ങുന്നത് വരെ വിശ്വാസികൾ ഇവിടങ്ങളിൽ പ്രാർത്ഥനകളിൽ മുഴുകും. നോമ്പ് തുറക്കും നമസ്കാരത്തിനും ശേഷം സുപ്രകൾ അറേബ്യൻ ഭക്ഷണങ്ങളുടെ സല്‍കാരത്തിലേക്ക് വഴിമാറും. കോഴി, ആട്, ഒട്ടകം തുടങ്ങിയവയുടെ മന്തിയും മഖ്ളിയും മദ്ഖൂതും സുപ്രകളെ കീഴടക്കും. ഇഫ്താർ ടെന്ററുകളിൽ നിന്ന് മനസ്സും വയറും നിറച്ചു വിശ്വാസികൾ തറാവീഹുകൾക്കായി പള്ളികളിലേക്ക് നീങ്ങും.

![]()
