റിയാദ്: റിയാദിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ അവസരോചിതമായ ഇടപ്പെടൽ ഫലം കണ്ടു. കഴിഞ്ഞ ദിവസം വിമാനത്തിൽ നഷ്ടപ്പെട്ട പാസ്പോർട്ട് തിരിച്ച് കിട്ടി.
വെള്ളിയാഴ്ച്ച കോഴിക്കോട് നിന്ന് ഫ്ലൈനാസ് XY 328 വിമാനത്തിൽ റിയാദിലെത്തിയ കോഴിക്കോട് കാരന്തൂർ സ്വദേശി മുഹമ്മദ് ചാലിയം തൻ്റെ പാസ്പോർട്ട് വിമാനത്തിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് റിയാദ് എയർപ്പോർട്ടിൽ നിന്ന് പുറത്തിറങ്ങാനാവാതെ നിൽക്കുമ്പോഴാണ് റിയാദിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിൻ്റെ നേതൃത്വത്തിൽ പാസ്പോർട്ട് കണ്ട് കിട്ടാനുള്ള ശ്രമം തുടങ്ങി.
റിയാദ് ഹെൽപ്പ് ഡസ്ക് വാട്സ് ആപ് കൂട്ടായ്മയും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രശ്നം രംഗത്ത് കൊണ്ട് വന്നു.
ആ നിമിഷം തൊട്ട് സോഷ്യൽ മീഡിയകളെയും മാധ്യമ പ്രവർത്തകരെയും ഉപയോഗപ്പെടുത്തി വാർത്ത പുറത്തെത്തിച്ചു. ഇതെ വിമാനത്തിൽ യാത്ര ചെയ്തിരുന്ന മറ്റൊരു യാത്രക്കാരൻ്റെ ബാഗിൽ പാസ്പോർട്ട് അറിയാതെ വെച്ചതാവാം എന്ന നിഗമനത്തിൽ എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് മുഹമ്മദ് ഇരുന്നിരുന്ന സീറ്റിന്ന് സമീപമുള്ള യാത്രകാരുടെ വിവരങ്ങൾ ശേഖരിച്ച് ബന്ധപ്പെട്ടെങ്കിലും പാസ്പോർട്ട് അപ്പോൾ കണ്ടെത്താനായില്ല. എന്നാൽ ഈ യാത്രക്കാരിൽ ഒരാളുടെ ബാഗിൽ തന്നെ പാസ്പോർട്ട് കണ്ടെത്തി. ഇയാൾ ജിസാനിലേക്കുള്ള യാത്രക്കാരനായിരുന്നു. ജിസാനിൽ എത്തി തൻ്റെ ബാഗ് വിശദമായി പരിശോധിച്ചപ്പോഴാണ് മുഹമ്മദിൻ്റെ പാസ്പോർട്ടും ബോർഡിങ്ങ് പാസും കണ്ടെത്തിയത്.
ഇതിനെ തുടർന്ന് ഹെൽപ് ഡസ്ക് അംഗം ജിസാനിലെ സമൂഹിക പ്രവർത്തകരുമായി ബന്ധപ്പെട്ട് പാസ്പോർട്ട് റിയാദിൽ എത്തിച്ച് സിദ്ദീഖ് തുവ്വൂരിന്ന് കൈമാറി പിന്നീട് മുഹമ്മദിൻ്റെ സ്പോൺസർ എത്തി പാസ്പോർട്ട് എമിഗ്രേഷൻ വകുപ്പിന്ന് കൈമാറിയതോടെ 24 മണിക്കൂർ നീണ്ട് നിന്ന ആശങ്കകൾക്ക് അറുതിയായി മുഹമ്മദ് പുറത്തിറങ്ങി.
പ്രശ്നം റിപ്പോർട്ട് ചെയ്തത് തൊട്ട് സിദിഖ് തുവ്വൂരിനൊപ്പം സാമുഹിക പ്രവർത്തകരായ യൂസുഫ് പെരിന്തൽമണ്ണ, സഫറത്ത് ഒളവണ്ണ, ഷബീർ പെരിന്തൽമണ്ണ, ഷൈജു പച്ച, അസ്ലംപാലത്ത്, ഷൈജു നിലമ്പൂർ, റിയാദ് ഹെൽപ്പ് ഡസ്ക് അംഗങ്ങൾ, ഇബ്രാഹിം കരീം, സിറാജ് ജിസാൻ, അബ്ദുൽ ഗഫൂർ ജിസാൻ എന്നിവരുടെ അവസരോചിതമായ ഇടപെടൽ കൂടിയാണ് പാസ്പോർട്ട് കണ്ടെത്തി ഇയാളെ പുറത്തിറക്കാനായത്
![]()
