സബീന എം സാലി
എഴുത്തുകാരി,
2024 കേളി ജ്വാല പുരസ്കാര ജേതാവ്
പ്രതാപവാനായ പുരുഷന്റെ കൽപ്പനകൾ അനുസരിച്ച് വീട്ടിലിരുന്ന്, അവനിൽ നിന്നുള്ള സഹനങ്ങൾ ഏറ്റുവാങ്ങി കണ്ണീരണിഞ്ഞ്, ന സ്ത്രീ സ്വാതന്ത്ര്യമർഹതി എന്ന് വിശ്വസിക്കുന്ന മനുവാദികളുടെ കാലമല്ല ഇന്ന്. കണ്ണുനീർത്തുള്ളിയെ സ്ത്രീയോട് ഉപമിച്ച കാവ്യഭാവനേ എന്ന് , ഏതോ കവിയ്ക്ക് അഭിനന്ദനമർപ്പിച്ച് വയലാർ പാടുന്നുണ്ട്. എന്നും വിഷാദസാഗരം ഉള്ളിൽ ഇരമ്പുന്ന വിഷാദഗദ്ഗദ ബിന്ദു എന്നാണ് അദ്ദേഹം അതിൽ സ്ത്രീയെ വിശേഷിപ്പിച്ചത്.പക്ഷേ ആ പാട്ടിൽത്തന്നെ പിന്നീട്, ചിപ്പിയിൽ വീണാൽ വൈഢൂര്യമാകുമെന്നും , പൂവിൽ വീണാൽ അവൾ പരാഗമാകുമെന്നും സ്ത്രീയുടെ ശക്തി വയലാർ മനസ്സിലാക്കുന്നുണ്ട്. പ്രപഞ്ചസൗന്ദര്യം ഉള്ളിൽ വിടർത്തുന്ന പ്രകാശബുദ്ബുദ ബിന്ദു, സ്ത്രീയൊരു പ്രഭാത നക്ഷത്ര ബിന്ദു എന്ന വയലാർ കാവ്യങ്ങളുടെ അറിവാണ് നമ്മുടെ പുരുഷകേന്ദ്രീകൃത സമൂഹത്തിന് ഇല്ലാതെ പോകുന്നത്. അതുകൊണ്ട് വനിതാദിനത്തിന്റെ ചരിത്രവും പ്രാധാന്യവും പ്രസംഗിക്കാൻ വേണ്ടിയുള്ളതല്ല വനിതാദിനം. പകരം അവളുടെ കഴിവുകളെ ബോധ്യപ്പെടുത്തി, സമൂഹത്തിൽ അവകാശങ്ങൾ നേടിയെടുക്കുന്നതിനും, അവൾക്ക് നേരേ നിലനിൽക്കുന്ന അക്രമങ്ങൾക്കും അനീതികൾക്കുമെതിരേ ധൈര്യത്തോടെ തലയുയർത്തി നില്ക്കാൻ അവളെ പ്രാപ്തയാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടുക എന്നതാണ് വനിതാദിനാഘോഷത്തിന്റെ ഉദ്ദേശ്യം.
Invest in women and accelerate the progress എന്നതാണ് ഈ വർഷത്തെ വനിതാദിനത്തിന്റെ വിഷയം. പുതിയ കാലത്ത്, പുതിയ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ അഡ്രസ്സ് ചെയ്യുക, അവരുടെ പങ്കാളിത്തം എല്ലാ മേഖലയിലും ഉറപ്പ് വരുത്തുക എന്നതാണ്, ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിരിക്കുന്ന ആശയം. പുരുഷനോടൊപ്പമോ അതിന് മേലെയോ, വിദ്യാഭ്യാസവും മെയ്ക്കരുത്തും ആർജ്ജിക്കുന്നതിൽ ഇന്ന് സ്ത്രീകൾ വിജയിച്ചിരിക്കുന്നു. ലോകചലനങ്ങളിൽ ഇന്ന് അവൾ അന്തസ്സോടെ ഇടപെടുന്നു. അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസും, നോബൽ സമാന ജേതാക്കളായ തവക്കുൽ കർമ്മാനും മലാല യൂസുഫുമൊക്കെ നമുക്ക് മുന്നിൽ അഭിമാനത്തിന്റെ ദീപസ്തംഭങ്ങളാണ്. ഭരണകൂടത്തെ മുട്ടുകുത്തിച്ച കർഷകപ്രക്ഷോഭത്തിലും, പൗരത്വസമരങ്ങളിലുമൊക്കെ സ്ത്രീകളുടെ പങ്കാളിത്തം നമ്മൾ കണ്ടതാണ്. സ്ത്രീകൾ മുദ്രാവാക്യം വിളിച്ചാൽ ലഭിക്കുന്ന പ്രത്യേക ഊർജ്ജമുണ്ട്. അത് പറഞ്ഞറിയിക്കാൻ കഴിയില്ല, അതുകൊണ്ട് സ്വന്തം ഉള്ളിലെ കഴിവും ശക്തിയും അവൾ സ്വയം തിരിച്ചറിയേണ്ടതാണ്. അതല്ലാത്തപക്ഷം ഇത്തരം ദിനങ്ങൾ അവളിൽ തിരിച്ചറിവുണ്ടാക്കേണ്ടതിനുവേണ്ടിയുള്ള അവസരങ്ങളായി വിനിയോഗിക്കേണ്ടതുണ്ട്.
സാക്ഷരതാമിഷൻ ഈയിടെ പ്രസിദ്ധീകരിച്ച ഒരു പുസ്തകമുണ്ട്. നവോത്ഥാനത്തിന്റെ സ്ത്രീ മുന്നേറ്റങ്ങൾ. ആധുനിക കേരളത്തെ പടുത്തുയർത്താൻ സ്ത്രീകളുടെ ഭാഗത്തു നിന്നുണ്ടായ പോരാട്ടങ്ങളാണ് അതിന്റെ ഉള്ളടക്കം. ആ പോരാട്ട വീര്യം, ഇക്കാലത്തും വോട്ടവകാശമുള്ള പൗര എന്ന നിലയിൽ രാജ്യത്തിന്റെ ഭാഗദേയം നിർണ്ണയിക്കുന്ന കാര്യത്തിലും സ്ത്രീകൾ പ്രകടിപ്പിക്കേണ്ടതുണ്ട്. ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരേ പോരാടാൻ പുരുഷനോടൊപ്പം സ്ത്രീയും പ്രതിജ്ഞാബദ്ധയാണ്. കുഞ്ഞിന് ജന്മം നൽകി അവരെ ജീവിക്കാൻ പ്രാപ്തരാക്കുകയെന്ന പരമോന്നത ദൗത്യം നിക്ഷിപ്തമായിരിക്കുന്നവർ എന്ന നിലയിൽ, അനീതികൾക്കെതിരേ പൊരാടുന്ന സമരോൽസുകരായ ഒരു തലമുറയെ വളർത്തിക്കൊണ്ടുവരേണ്ട ഉത്തരവാദിത്വവും സ്ത്രീകൾക്ക് തന്നെയാണ്.
അത്രമേൽ പ്രധാന്യം സമൂഹനിർമ്മാണത്തിൽ സ്ത്രീയ്ക്ക് ഉണ്ടെന്നിരിക്കെയും, , എല്ലാ മേഖലയിലും അവൾ ബഹുമുഖ മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കെയും, അവൾക്ക് നേരെയുള്ള പുരുഷന്റെ കടന്നു കയറ്റങ്ങൾക്കും, അതിക്രമങ്ങൾക്കും ഒട്ടും കുറവില്ല താനും. സ്ത്രീധനത്തിന്റെ പേരിലും മറ്റും നടക്കുന്ന ഗാർഹീക പീഢനങ്ങൾ എത്ര പെൺകുട്ടികളുടെയാണ് ജീവനെടുത്തിരിക്കുന്നത്. സ്ത്രീയെ മനസ്സിലാക്കാനും അവളുടെ കഴിവുകളെ തിരിച്ചറിയാനും അംഗീകരിക്കാനും പുരുഷൻ തയ്യാറാവുമ്പോൾ മാത്രമേ ഇത്തരം ദിനാചരണങ്ങൾക്ക് പ്രസക്തിയുണ്ടാവൂ. അതുകൊണ്ട്, സ്ത്രീധനമില്ലാതെ, പുരുഷനും സ്ത്രീയും പരസ്പരപൂരകങ്ങളായി ഒരു കുടുംബബന്ധത്തിന് നാന്ദി കുറിക്കുകയും സാംസ്കാരികസമ്പന്നരായി മക്കളെ വളർത്തുകയും ചെയ്താൽ ഒരിക്കലും സ്ത്രീയ്ക്ക് കരയേണ്ടി വരില്ല അവളെ കണ്ണീരിനോടുപമിക്കേണ്ടിയും വരില്ല. മാത്രമല്ല നാരിമാരെ പൂജിക്കുന്നിടത്ത് ദേവതമാർ പ്രസാദിക്കുകയും ചെയ്യും.
![]()
