റിയാദ് : 17 വർഷത്തിലധികമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ജില്ലയിലെ ഫറോക്ക് സ്വദേശി അബ്ദുറഹീമിനെ ദിയ പണം നൽകി ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി റഹീം നിയമ സഹായ സമിതി യോഗം നാളെ അടിയന്തിരമായി ചേരുന്നു.ദിയ പണം നൽകിയാൽ റഹീമിന്റെ മോചനം സാധ്യമാക്കാമെന്നാണ് സൗദി കുടുംബം എംബസിയെയും എംബസി റഹീമിന്റെ കുടുംബത്തെയും രേഖാമൂലം അറിയിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടു വർഷമായി ഇതിനായി പ്രവർത്തിച്ചു വരുന്ന സമിതി ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്കുള്ള ഫണ്ട് ശേഖരണത്തിലേക്ക് നീങ്ങുന്നത്.ഫെബ്രുവരി 25 ഞായറാഴ്ച വൈകിട്ട് 7 : 30 ന് ബത്ഹയിലെ അപ്പോളോ ഡി പാലസിലാണ് റിയാദിലെ മലയാളി സമൂഹത്തിലെ രാഷ്ട്രീയ,മത,സാമൂഹിക,സാംസ്കാരിക,കലാ,കായിക,വ്യവസായിക, വിദ്യാഭ്യാസ ,ജീവകാരുണ്യ,മാധ്യമ,നവമാധ്യമ മേഖലകളിൽ തുടങ്ങി എല്ലാ മേഖലയിലെയും നേതാക്കളെയും സഹപ്രവർത്തകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗം വിളിച്ചിരിക്കുന്നത്.
സ്പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കാനായുള്ള വിസയിലാണ് കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീം 2006 നവംബറിൽ റിയാദിലെത്തുന്നത്.ഭക്ഷണവും വെള്ളവും നൽകാനായി കുട്ടിയുടെ കഴുത്തിലേക്ക് ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിൽ റഹീമിന്റെ കൈ തട്ടിയതാണ് കുട്ടിയുടെ മരണ കാരണം.2006 ഡിസമ്ബർ 24 നായിരുന്നു സംഭവം.പോലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു വിചാരണക്കൊടുവിൽ വധശിക്ഷക്ക് വിധിക്കുകയായിരുന്നു.അപ്പീൽ കോടതിയും ശിക്ഷ ശരി വെച്ചു.
ഈ കേസിൽ മോചനത്തിനായുള്ള ദിയ പണം 33 കോടി ഇന്ത്യൻ രൂപ സമാഹരിച്ചു കുട്ടിയുടെ കുടുംബത്തിന് നൽകി റഹീമിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാനാണ് മനുഷ്യ സ്നേഹികളായ റിയാദ് പൊതു സമൂഹം ഒന്നിക്കുന്നത്.റിയാദ് സമൂഹം ഒന്നടങ്കം ഈ റഹീമിനെ രക്ഷിക്കാനായി ഈ കാരുണ്യ ദൗത്യത്തിന്റെ ഭാഗമായി ചേരണമെന്ന് റഹിം നിയമ സഹായ സമിതി അഭ്യർത്ഥിച്ചു.
![]()
